നടി ഫിലോമിനയുടെ ഓർമ്മകൾക്ക് ഇന്ന് 17 വയസ്
സിനിമ ഓർമ്മ
കോമഡിയിലും ക്യാരക്ടർ റോളുകളിലും ഒരുപോലെ തിളങ്ങിയ അഭിനേത്രി ഫിലോമിന 2006 ജനുവരി രണ്ടിനാണ് തൊണ്ണൂറാം വയസ്സിൽ അന്തരിക്കുന്നത്. തൃശൂർ മുള്ളൂർക്കര സ്വദേശിയായിരുന്ന ഫിലോമിന ചെറുപ്പത്തിൽ പള്ളി ക്വയറിലെ അംഗമായിരുന്നു. അപ്പൻ മരിച്ചതോടെ ദാരിദ്ര്യമായി. തുടർന്ന് എട്ട് വർഷത്തോളം പിജെ ആന്റണിയുടെ ട്രൂപ്പിൽ നാടകനടി. 1964 -ൽ പ്രേംനസീറിന്റെ അമ്മയായി ആദ്യ സിനിമ കുട്ടിക്കുപ്പായം. നാടകനടൻ ആന്റണിയെ ആണ് വിവാഹം കഴിച്ചത്. നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം വിധവയായി.
തൃശൂർ ഭാഷയുടെ ആൺസ്വരമാണ് ഇന്നസെന്റെങ്കിൽ പെൺസ്വരമാണ് ഫിലോമിന. ആനപ്പാറ അച്ചാമ്മ എന്ന ഗോഡ്‌ഫാദറിലെ കഥാപത്രം അത്രമേൽ ഹിറ്റായതു കൊണ്ടാവാം അതേ പേരിൽ ഒരു സിനിമ തന്നെ ഒരുങ്ങിയിരുന്നു. ഫിലോമിനയെ കേന്ദ്രകഥാപാത്രമാക്കി പ്ലാൻ ചെയ്‌ത ആ സിനിമ പാതിവഴിയിൽ നിന്നു. രണ്ട് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് നേടി.
സത്യൻ അന്തിക്കാടാണ് കൂടുതൽ ചിത്രങ്ങളിലഭിനയിപ്പിച്ച സംവിധായകൻ. അതുവരെ മിക്കവാറും ക്യാരക്ടർ റോളുകൾ ചെയ്‌തിരുന്ന ഫിലോമിനയ്ക്ക് കോമഡി കുപ്പായം കൊടുത്തത് സത്യൻ അന്തിക്കാടാണ് (മണ്ടന്മാർ ലണ്ടനിൽ).
പ്രമേഹ സംബന്ധമായ അസുഖങ്ങളാൽ ചെന്നൈയിൽ മകന്റെ കൂടെ താമസിക്കുമ്പോഴായിരുന്നു മരണം.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ