KeralaNEWS

മുങ്ങിത്താഴുന്നത് അഭിനയിക്കാനിറങ്ങി, ശരിക്കും മുങ്ങിത്താണു, മോക്ഡ്രില്ലിനിടെ യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: പ്രളയദുരന്തങ്ങള്‍ നേരിടാനുള്ള പ്രചാരണ പരിശീലനത്തിനിടെ അഭിനയിക്കാന്‍ രക്ഷാസേനകള്‍ ആറ്റിലേക്കിറക്കിയ നാട്ടുകാരന്‍ മുങ്ങി മരിച്ചു. കല്ലൂപ്പാറ പാലത്തിങ്കല്‍ കാക്കരകുന്നില്‍ ബിനു സോമന്‍ (34) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയാണ്. മല്ലപ്പള്ളിക്ക് സമീപം മണിമലയാറ്റിലെ പടുതോട് കടവില്‍ വ്യാഴാഴ്ച രാവിലെ ഒന്‍പതരയ്ക്കാണ് സംഭവം. ദേശീയ ദുരന്തനിവാരണ സേനയടക്കം വിവിധ എജന്‍സികളുടെ നേതൃത്വത്തിലായിരുന്നു പ്രചാരണ പരിശീലനം.

പടുതോട് പാലത്തിന് മുകളില്‍ പുറമറ്റം പഞ്ചായത്തിലെ കടവില്‍ കുറച്ചുപേര്‍ ഒഴുക്കില്‍പ്പെടുന്ന രംഗമാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ബിനു ഉള്‍പ്പെടെ നാലുപേരെയാണ് ആറ്റിലേക്ക് ഇറക്കിയത്. ഇതിന് എതിര്‍വശത്ത് കല്ലൂപ്പാറ പഞ്ചായത്തിലെ കടവില്‍നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ യന്ത്രവത്കൃത ബോട്ടില്‍ എത്തി രക്ഷിക്കണം എന്നതായിരുന്നു ധാരണ. എന്നാല്‍ വെള്ളത്തില്‍ ഇറങ്ങിയ ബിനു സോമന്‍ യഥാര്‍ഥത്തില്‍ മുങ്ങിത്താണു. വെപ്രാളത്തില്‍ ഇയാള്‍ പലവട്ടം കൈകള്‍ ഉയര്‍ത്തിയെങ്കിലും അഭിനയമാണെന്നാണ് കരയില്‍ നിന്നവര്‍ കരുതിയത്. ലൈഫ് ബോ എറിഞ്ഞുകൊടുത്തെങ്കിലും പിടിക്കാനാവാതെ താഴുകയായിരുന്നു.

Signature-ad

മറ്റുള്ളവര്‍ ബോട്ടില്‍ പിടിച്ചുകിടക്കുമ്പോഴാണ് കൂടെയുള്ള ഒരാളെ കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് ദേശീയദുരന്ത നിവാരണ സേനയുടെ മുങ്ങല്‍ വിദഗ്ധരടക്കം വേറെ ബോട്ടുകളില്‍ എത്തി. ഇരുപത് മിനിറ്റോളം നടത്തിയ തിരച്ചിലില്‍ വെള്ളത്തിനടിയില്‍നിന്ന് എന്‍.ഡി.ആര്‍.എഫ്. സ്‌കൂബാ ഡൈവര്‍ അനില്‍ സാഹുവാണ് ബിനുവിനെ കണ്ടെത്തിയത്. ബോട്ടില്‍ കയറിയെങ്കിലും യന്ത്രം പ്രവര്‍ത്തിക്കാതിരുന്നതോടെ തുഴഞ്ഞും കയര്‍ കെട്ടി വലിച്ചുമാണ് ഒടുവില്‍ കരയ്ക്കെത്തിച്ചത്.

ആംബുലന്‍സില്‍ കയറ്റി ഉടനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. നേരിയ തോതില്‍ നാഡി സ്പന്ദനമുണ്ടെന്ന നിഗമനത്തെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടേകാലോടെ മരിച്ചു.

പരേതരായ സോമന്റേയും വിജയകുമാരിയുടേയും മകനാണ് ബിനു. സഹോദരങ്ങള്‍:പരേതനായ വിനോദ്,വിനീത. മൃതദേഹം വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.

എ.കെ. ചൗഹാന്‍ കമാന്‍ഡറായ ദേശീയ ദുരന്തനിവാരണ സേന യൂണിറ്റ്, സ്റ്റേഷന്‍ ഓഫീസര്‍ കുരുവിള മാത്യു എന്നിവരുടെ നേതൃത്വത്തില്‍ റാന്നിയില്‍നിന്ന് അഗ്നിരക്ഷാസേന ഇന്‍സ്പെക്ടര്‍ സജീഷ് കുമാര്‍, എസ്.ഐ.മാരായ ബി.എസ്. ആദര്‍ശ്, ടി.എസ്. ജയകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശീലനം.

 

Back to top button
error: