ജന്മി- കുടിയാൻ ബന്ധങ്ങളുടെ വിഭിന്ന മുഖങ്ങൾ ആവിഷ്ക്കരിച്ച ‘രണ്ടു ലോകം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 45 വർഷം
സിനിമ ഓർമ്മ
ജന്മിയുടെയും അടിയാന്റെയും വിഭിന്ന ലോകങ്ങൾ കാണിച്ചു തന്ന ‘രണ്ടു ലോകം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 45 വർഷം. തമിഴിൽ ഗംഭീരവിജയം നേടിയ ശിവാജി ഗണേശൻ ചിത്രം മലയാളത്തിൽ സുപ്രിയയുടെ ബാനറിൽ ഹരിപോത്തൻ റീമേയ്ക്ക് ചെയ്യുകയായിരുന്നു. പാപ്പനംകോട് ലക്ഷ്‌മണൻ തിരക്കഥയെഴുതി. സംവിധാനം ശശികുമാർ.
തിരുവായ്ക്ക് എതിർവായില്ലാതെ വിരാജിച്ച നാട്ടുജന്മി കുറുപ്പിന് (ജോസ്പ്രകാശ്) സ്വന്തം അടിയാന്റെ മകൻ സുരേന്ദ്രൻ (നസീർ) എതിരാളിയാവുകയാണ്. വള്ളംകളി മത്സരത്തിൽ (വേമ്പനാട്ട് കായലിന്ന് ചാഞ്ചാട്ടം) മകൾ രാധയെ (ജയഭാരതി) പണയം വച്ച് കളിച്ച കുറുപ്പ് തോൽക്കുന്നു. അതോടെ രാധ സുരേന്ദ്രന് സ്വന്തമാവുന്നു (ഓർക്കാപ്പുറത്തൊരു കല്യാണം). പക്ഷെ ഇരുവരുടെയും ലോകം രണ്ടാണ്. ‘എന്നെ ഭർത്താവായി മനസ്സിൽ നീ സ്വീകരിക്കുന്നത് വരെ നിന്റെ ശരീരത്തിൽ ഞാൻ തൊടില്ല!’ എന്നാണ് സുരേന്ദ്രൻ്റെ നിലപാട്. ഒടുവിൽ പണത്തിന്റെ ലോകത്തേക്കാൾ വലുതാണ് മനുഷ്യന്റെ സ്നേഹമെന്ന് തിരിച്ചറിയുന്ന രാധ സുരേന്ദ്രനു സ്വന്തമാകന്നു.
തെലുഗ്, കന്നഡ, ഹിന്ദി പതിപ്പുകൾ വന്നെങ്കിലും സിനിമ മലയാളത്തിൽ വൻ വിജയം നേടിയില്ല.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ