KeralaNEWS

ലീഗിനെ പിളര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം; ‘സുധാകര കുബുദ്ധി’ കാണാതെ പോകരുത്: മുന്നറിയിപ്പുമായി ജലീല്‍

മലപ്പുറം: മുസ്ലിം ലീഗില്‍ വിമത ഗ്രൂപ്പിനെ സൃഷ്ടിച്ച് പാര്‍ട്ടി പിളര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി ഇടത് എംഎല്‍എ കെ.ടി. ജലീല്‍. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ രക്ഷിക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസിന്റെ കറുത്ത കരങ്ങളാണെന്ന് ജലീല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആരോപിച്ചു. ലീഗില്‍ പിളര്‍പ്പ് ഭീഷണി സൃഷ്ടിച്ച് കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ തന്നെ ലീഗിനെ കെട്ടി നിര്‍ത്തിക്കാനുള്ള ‘സുധാകര കുബുദ്ധി’ കാണാതെ പോയാല്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരും. ഇതു തിരിച്ചറിയാന്‍ നേതൃത്വത്തിനും അണികള്‍ക്കും കഴിഞ്ഞില്ലെങ്കില്‍ ‘മുടക്കാച്ചരക്കായി’ കേരള രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗ് മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ജലീല്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

Signature-ad

നാലു പതിറ്റാണ്ടു പിന്നിട്ട കോണ്‍ഗ്രസ്-ലീഗ് ബന്ധം, വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തില്‍ മുറിഞ്ഞു പോകാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാവണം ലീഗിലൊരു വിമത ഗ്രൂപ്പിനെ രൂപപ്പെടുത്തി എടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നിയമം, മുത്തലാഖ് നിയമം, ഏക സിവില്‍ കോഡ് പ്രശ്‌നം, രാമക്ഷേത്ര നിര്‍മ്മാണത്തിന് വെള്ളി ഇഷ്ടിക നല്‍കി ഐക്യദാര്‍ഢ്യപ്പെട്ട വിഷയം, കാശിയിലെ ഗ്യാന്‍വാപി മസ്ജിദുമായും മധുരയിലെ ഈദ്ഗാഹ് മസ്ജിദുമായും ബന്ധപ്പെട്ട് സംഘപരിവാരങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി, ബീഫ് വിവാദവും അതേത്തുടര്‍ന്ന് അന്‍പതോളം ആളുകള്‍ ക്രൂരമായി വധിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍, ജഹാംഗിര്‍പുരില്‍ മുസ്ലിം ചേരികള്‍ ഇടിച്ചു നിരത്താനുള്ള ശ്രമം, മുഗള്‍ കാലത്തെ സ്ഥലനാമങ്ങള്‍ മാറ്റാനുള്ള ബിജെപി നീക്കം തുടങ്ങി മുഴുവന്‍ കാര്യങ്ങളിലും കോണ്‍ഗ്രസ് നിസംഗത പാലിച്ചു മാറിനിന്നതും അഴകൊഴമ്പന്‍ സമീപനം കൈക്കൊണ്ടതും മതേതര വിശ്വാസികളെ അമ്പരപ്പിച്ചത് യാദൃശ്ചികമല്ല.

ലീഗില്‍ കോണ്‍ഗ്രസ് വിരുദ്ധ തിരയിളക്കം ശക്തമാകാന്‍ ഇവയെല്ലാം കാരണമായി. കോണ്‍ഗ്രസിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണന നിലപാടുകള്‍ക്കെതിരെ ന്യൂനപക്ഷ പാര്‍ട്ടി എന്ന നിലയില്‍ മുസ്ലിം ലീഗ് പ്രതികരിക്കാന്‍ നിര്‍ബന്ധിതമായത് സ്വാഭാവികം. ഈ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കി. ലീഗിന്റെ നഷ്ടപ്പെട്ട ‘വിലപേശല്‍ ശക്തി’ തിരിച്ചു പിടിക്കാനുള്ള ശ്രമം തകര്‍ക്കാനുള്ള തീവ്രയജ്ഞത്തിന് കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ചാണ് കളത്തിലിറങ്ങിയിരിക്കുന്നത്. ലക്ഷ്യം നേടാന്‍ എന്ത് ‘കടുംകൈ’ ചെയ്യാനും അവര്‍ മടി കാണിക്കില്ല. അനിവാര്യമെങ്കില്‍ ലീഗിനെ നെടുകെ കഷ്ണിക്കാന്‍ പോലും.

ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങളോടൊപ്പം കോണ്‍ഗ്രസ്സിനോടുള്ള ഒരു വിഭാഗത്തിന്റെ അടിമത്വ മനോഭാവവും ചേരുവ ചേര്‍ന്നപ്പോഴാണ് 1974ല്‍ ലീഗ് ആദ്യമായി രണ്ടായത് (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും അഖിലേന്ത്യാ മുസ്ലിം ലീഗും). ശരീഅത്ത് വിവാദം ഇരു ലീഗുകളെയും ഒന്നിപ്പിച്ചു. ശിലാന്യാസ വിഷയത്തിലും ബാബറി മസ്ജിദ് തകര്‍ച്ചയിലും കോണ്‍ഗ്രസ് എടുത്ത നിലപാടിനെച്ചൊല്ലിയാണ് ലീഗില്‍ വീണ്ടും തര്‍ക്കം ഉരുണ്ടുകൂടിയത്. സേട്ടു സാഹിബിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ലീഗ് വിട്ടു പോന്നു. ഇതു രണ്ടാമതും ലീഗിനെ പിളര്‍പ്പിലേക്ക് നയിച്ചു. അവിടെയും വില്ലന്റെ റോളില്‍ കോണ്‍ഗ്രസ് തന്നെയായിരുന്നു.

‘മാരത്തോണ്‍ രാഷ്ട്രീയ സഖ്യം’ കോണ്‍ഗ്രസ് വിധേയത്വമായി മാറുന്നുവെന്ന തിരിച്ചറിവ് ലീഗിലെ പ്രബല വിഭാഗത്തെ പുതിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് പ്രേരിപ്പിച്ചിരിക്കണം. ലീഗിന്റെ അസ്തിത്വം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാവിയില്‍ നേരിടേണ്ടി വരാന്‍ സാധ്യതയുള്ള പ്രതിസന്ധികള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന വിവേകികള്‍ക്ക് അതില്‍ അതിശയം തോന്നില്ല. ലീഗിനുള്ളിലെ കോണ്‍ഗ്രസ് അനുകൂലികളെ കളത്തിലിറക്കി മുസ്ലിം ലീഗിന്റെ ഔദ്യോഗിക നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കി പിന്തിരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ശ്രമം.

ലീഗണികള്‍ക്കിടയില്‍ വൈകാരിക പ്രശ്‌നമായി മാറിയ ഷുക്കൂര്‍ വധം മുന്‍നിര്‍ത്തി പുതുതായുണ്ടായ വെളിപാടുകള്‍ക്കു പിന്നില്‍ കോണ്‍ഗ്രസ്സിന്റെ കറുത്ത കരങ്ങളാണെന്ന് വ്യക്തം. ലീഗില്‍ പിളര്‍പ്പ് ഭീഷണി സൃഷ്ടിച്ച് കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ തന്നെ ലീഗിനെ കെട്ടി നിര്‍ത്തിക്കാനുള്ള ‘സുധാകര കുബുദ്ധി’ കാണാതെ പോയാല്‍ ഭാവിയില്‍ വലിയ വിലയാകും സമുദായ പാര്‍ട്ടിക്ക് നല്‍കേണ്ടി വരിക. ഇത് തിരിച്ചറിയാന്‍ നേതൃത്വത്തിനും അണികള്‍ക്കും കഴിഞ്ഞില്ലെങ്കില്‍ ‘മുടക്കാച്ചരക്കായി’ കേരള രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗ് മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

 

Back to top button
error: