കൊല്‍ക്കത്ത: കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍നിന്നു ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് ഝാര്‍ഖണ്ഡ് നടി റിയ കുമാരി (ഇഷാ അല്യ) മരിച്ച സംഭവത്തില്‍ ഭര്‍ത്താവും സംവിധായകനും നിര്‍മാതാവുമായ പ്രകാശ് കുമാര്‍ അറസ്റ്റില്‍. റിയയുടെ കുടുംബം പ്രകാശ് കുമാറിനും സഹോദരന്മാര്ക്കും എതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ് അറിയിച്ചിരുന്നു.
പ്രകാശ് കുമാറിന്റെ മൊഴിയില്‍ പൊരുത്തക്കേടു തോന്നിയ പോലീസ് കാര്‍ കസ്റ്റഡിയിലെടുത്ത് അദ്ദേഹത്തെ ചോദ്യം ചെയ്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രകാശ് പല ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. പ്രകാശ് കുമാര്‍, 3 വയസ്സുള്ള മകള്‍ എന്നിവരോടൊപ്പം റാഞ്ചിയില്‍നിന്നു കൊല്‍ക്കത്തയിലേക്കു കാറില്‍ സഞ്ചരിക്കുന്നതിനിടെ കഴിഞ്ഞദിവസം രാവിലെ 6 ന് ഹൗറ ജില്ലയില്‍ ദേശീയപാതയിലായിരുന്നു സംഭവം.
മഹിശ്രേഖ പാലത്തില്‍ കാര്‍ നിര്‍ത്തി പ്രകാശ് പുറത്തിറങ്ങിയ തക്കം നോക്കി മൂന്നംഗസംഘം ഓടിയെത്തി ആക്രമിക്കുകയും കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തന്നെ രക്ഷിക്കാന്‍ റിയ ഇടപെടുന്നതിനിടെ അക്രമിസംഘം വെടിയുതിര്‍ത്ത് രക്ഷപ്പെട്ടുവെന്നാണ് പ്രകാശ് പൊലീസിനോടു പറഞ്ഞത്. മുറിവേറ്റ റിയയെ കാറില്‍ കയറ്റി 3 കിലോമീറ്റര്‍ ഓടിച്ച പ്രകാശ്, നാട്ടുകാരുടെ സഹായത്തോടെ അവരെ ഉലുബേരിയയിലെ എസ്സിസി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
പാലത്തിനു സമീപം മൂത്രമൊഴിക്കാന്‍ ഇറങ്ങിയെന്നാണു പ്രകാശ് പോലീസിനോടു പറഞ്ഞത്. കാര്‍ നിര്‍ത്തിയ സ്ഥലം ഇതിനു യോജിച്ചതായിരുന്നില്ല. കൃത്യമായി ഈ സ്ഥലത്ത് കവര്‍ച്ചക്കാര്‍ കാത്തുനിന്നതിലും പോലീസിനു ദുരൂഹത തോന്നി. മോഷ്ടാക്കള്‍ കാറിനെ പിന്തുടര്ന്നതായും സൂചനയില്ല. ഒരുപാട് യാദൃച്ഛികതകള്‍ ഒരുമിച്ചു ചേര്‍ന്നപ്പോഴാണ് കുറ്റകൃത്യം നടന്നതെന്നും വിശ്വസിക്കാന്‍ പ്രയാസമാണെന്നും പൊലീസ് വിശദീകരിച്ചു. ഝാര്‍ഖണ്ഡിലെ പ്രാദേശിക ഭാഷയായ ഖോര്‍ത്തയിലുള്ള ഒട്ടേറെ ചിത്രങ്ങളില്‍ ഇഷ അല്യ എന്ന പേരില്‍ അഭിനയിച്ച റിയ കുമാരി മ്യൂസിക് ആല്‍ബങ്ങളിലും തിളങ്ങി.