KeralaNEWS

ഒമ്പത് വര്‍ഷം രാഷ്ട്രീയ കേരളത്തെയും അതിലേറെ കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ കേസിന്‍റെ നാള്‍ വഴികള്‍

തിരുവന്തപുരം: ഒമ്പത് വര്‍ഷം (2013 – 2022) രാഷ്ട്രീയ കേരളത്തെയും അതിലേറെ കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡന കേസ് , മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമായി. യുഡിഎഫിന്‍റെ തുടര്‍ഭരണം ഇല്ലാതാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സോളാര്‍ വിവാദത്തെ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം കൃത്യമായി ഉപയോഗിച്ചു. ഇതോടെ കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തുടര്‍ന്നു. കേസില്‍ കാര്യമായതൊന്നുമില്ലെന്ന് അറിഞ്ഞിട്ടും കോണ്‍ഗ്രസിനെ നിരന്തരം വേട്ടയാടുന്നതിനായിരുന്നു സിപിഎം കൃത്യമായ ഇടവേളകളില്‍ സോളാര്‍ കേസിനെ ഉപയോഗപ്പെടുത്തിയത്. ഇതോടെ ഒമ്പത് വര്‍ഷം നീണ്ട, കേരളാ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണങ്ങള്‍ക്കും അവസാനമാവുകയാണ്. സോളാര്‍ കേസിന്‍റെ നാള്‍ വഴികളിലൂടെ….

2013 ജൂൺ 3 :   സോളാർ തട്ടിപ്പ് കേസിൽ സരിതാ നായർ അറസ്റ്റിലായി.

Signature-ad

2013  ജൂൺ 4 :   ടീം സോളാറിന്‍റെ തട്ടിപ്പ് അന്വേഷിക്കാന്‍ കോടതി ഉത്തരവ്.

2013 ജൂൺ 12 :  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസുമായി സരിതാനായർക്ക് ബന്ധമെന്ന് നിയമസഭയിൽ പ്രതിപക്ഷാരോപണം. സോളാര്‍ തട്ടിപ്പു കേസില്‍ മല്ലേലില്‍ ശ്രീധരന്‍ നായര്‍ പത്തനംതിട്ട  ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

2013 ജൂൺ 14 : മുഖ്യമന്ത്രി  ദില്ലിയിലെ വിജ്ഞാനഭവനില്‍വെച്ച് സരിതയെ കണ്ടു എന്ന് തോമസ് കുരുവിള.

2013 ജൂൺ 14 : സോളാര്‍ തട്ടിപ്പില്‍ ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പി.എ ടെനി ജോപ്പനെയും, ഗൺമാൻ സലിംരാജിനെയും തൽസ്ഥാനങ്ങളിൽനിന്നും നീക്കി.

2013 ജൂൺ 15 : സോളാർ തട്ടിപ്പുകേസ് അന്വേഷിക്കാൻ എഡിജിപി ഹേമചന്ദ്രന്‍റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

2013 ജൂണ്‍ 15 : കൊച്ചിയിലെ ഗസ്റ്റ്ഹൗസില്‍വെച്ച് ഉമ്മന്‍ചാണ്ടി ബിജു രാധാകൃഷ്ണനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന്‍റെ വിവരങ്ങള്‍ പുറത്തുവന്നു.

2013  ജൂൺ 16 : സരിതയുടെയും ബിജുവിന്‍റെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ്. ശാലു മേനോന്‍റെ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങില്‍ ആഭ്യന്തരമന്ത്രി പങ്കെടുത്തതിന്‍റെ തെളിവുകള്‍ പുറത്തുവന്നു.

2013 ജൂൺ 17 : ബിജു രാധാകൃഷ്ണൻ കോയമ്പത്തൂരിൽ അറസ്റ്റിലായി. ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം. പൊതുചടങ്ങുകളിൽ മുഖ്യമന്ത്രിയെ ബഹിഷ്ക്കരിക്കാൻ തീരുമാനം.

2013 ജൂൺ 26 : ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പേഴ്സണൽസ്റ്റാഫംഗം ജിക്കുമോൻ ജേക്കബ് രാജിവച്ചു.

2013 ജൂൺ 28 : മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പനെ അറസ്റ്റു ചെയ്തു

2013 ജൂലൈ 1 : വ്യവസായി മല്ലേലില്‍ ശ്രീധരൻ നായരുടെ പരാതിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരും പരാമർശിച്ചിരിക്കുന്നതിനെച്ചൊല്ലി വിവാദം.

2013 ജൂലൈ 3 : സരിതാനായരുടെ ഫോൺവിളി രേഖകൾ മാധ്യമങ്ങൾക്ക്. വിളിച്ചവരിൽ തിരുവഞ്ചൂർ രാധാകൃഷ്ണനുൾപ്പെടെ 4 മന്ത്രിമാർ.

2013  ജൂലൈ 4 : സരിതയുടെ ഫോണ്‍വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ടു കേന്ദ്ര മന്ത്രിമാര്‍, 7 സംസ്ഥാന മന്ത്രിമാര്‍, 6 എം.എല്‍.എമാര്‍, ഒരു എം.പി എന്നിവര്‍ കോള്‍ ലിസ്റ്റില്‍.

2013  ജൂലൈ 5 : സോളാര്‍ കേസില്‍ നടി ശാലു മേനോനെ അറസ്റ്റ് ചെയ്തു.

2013  ജൂലൈ 06 : മല്ലേലില്‍ ശ്രീധരൻ നായരുടെ രഹസ്യമൊഴി റാന്നി ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി.

2013 ജൂലൈ 8 : ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ചയ്ക്ക് സരിത സഹായിച്ചെന്ന് ശ്രീധരൻ നായരുടെ വെളിപ്പെടുത്തല്‍.

2013 ജൂലൈ 20 :  സെക്രട്ടറിയേറ്റിൽവെച്ച് ടെനി ജോപ്പന് 2 ലക്ഷം രൂപ കൊടുത്തെന്ന് സരിതാ നായർ.

2013 ജൂലൈ 30 : സരിതയ്ക്കും ബിജുവിനുമെതിരെ ആദ്യ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

2013 ഓഗസ്ത് 12 : ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് വളയൽ സമരം.

2013  ഓഗസ്ത് 13 : മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു, എൽഡിഎഫ് അനിശ്ചിതകാല ഉപരോധസമരം പിൻവലിച്ചു.

2013  ഓഗസ്ത് 28 : സരിതയേയും ബിജു രാധാകൃഷ്ണനേയും എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി സരിത കോടതിയില്‍ പറഞ്ഞെങ്കിലും മജിസ്ട്രേറ്റ് അത് രേഖപ്പെടുത്താതിരുന്നത് പിന്നീട് വിവാദമായി.

2013 സെപ്റ്റംബർ 10 : സലിംരാജിനെ അറസ്റ്റ് ചെയ്തു.

2013  സെപ്റ്റംബര്‍ 11 : മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യം പിടിച്ചെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളി.

2013 ഒക്ടോബര്‍ 9 : മല്ലേലില്‍ ശ്രീധരന്‍ നായരുടെ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതായി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

2013  ഒക്ടോബര്‍ 11 : സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ ക്ളീന്‍ചിറ്റ്. മല്ലേലില്‍ ശ്രീധരന്‍ നായരുടെ ആരോപണം ശരിയാണെന്ന് കരുതിയാലും അതിന്‍റെ പേരില്‍ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി.

2013 ഒക്ടോബർ 23  : പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ശിവരാജൻ അധ്യക്ഷനായി സോളാർ തട്ടിപ്പ് കേസ് അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു.

2013 ഒക്ടോബർ 25 : മല്ലേലില്‍ ശ്രീധരന്‍ നായരുടെ പരാതിയില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ടെനി ജോപ്പന്‍ തട്ടിപ്പിനു കൂട്ടുനിന്നതായി കുറ്റപത്രത്തില്‍. മുഖ്യമന്ത്രിയെക്കുറിച്ചു പരാമര്‍ശമില്ല.

2013 ഒക്ടോബർ 27 : കണ്ണൂരിൽ എൽഡിഎഫ് പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിക്കുനേരെ കല്ലേറ്.

2013 ഒക്ടോബർ 30 : സരിതാനായരുടേയും ബിജു രാധാകൃഷ്ണന്‍റേയും ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പി.എ. ടെനി ജോപ്പന് അറിയാമായിരുന്നുവെന്ന് അന്വേഷണസംഘത്തിന്‍റെ കുറ്റപത്രം.

2013 ഒക്ടോബർ 30 : മല്ലേലില്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പുറത്ത്. മുഖ്യമന്ത്രിയെ കണ്ടത് സരിതയ്ക്കൊപ്പമെന്നും മുഖ്യമന്ത്രി സഹായിക്കാമെന്നു പറഞ്ഞെന്നും ശ്രീധരന്‍ നായര്‍.

2013 നവംബര്‍ 13 : ലൈംഗികചൂഷണത്തിന്‍റെ പരാതി ഉന്നയിച്ച സരിത ചില പേരുകള്‍ പറഞ്ഞുവെന്ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.വി.രാജു വിജിലന്‍സ് രജിസ്ട്രാര്‍ക്കു മൊഴി നല്‍കി.

2013  നവംബർ 21 : മന്ത്രിമാരുമൊത്ത് സരിതയുടെ വീഡിയോ രംഗങ്ങൾ ഉണ്ടെന്ന് സരിതയുടെ അഭിഭാഷകൻ.

2013  നവംബർ 26 : മാധ്യമങ്ങൾക്ക് ബിജുവിന്‍റെ തുറന്ന കത്ത്. എല്ലാ പ്രശ്നങ്ങൾക്കും കാരണം സരിതയും മന്ത്രി ഗണേഷ് കുമാറും തമ്മിലെ ബന്ധമെന്ന് കത്തില്‍ പരാമര്‍ശം.

2013 ഡിസംബർ 10 : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് ക്ലിഫ് ഹൗസ് വളയ‌ൽ ആരംഭിച്ചു.

2013  ഡിസംബർ 26 : എൽഡിഎഫ് സമരം പിൻവലിച്ചു.

2014  ജനുവരി 20 : സരിതാനായരുടെ സാന്നിധ്യത്തില്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതായി ആരോപിക്കപ്പെട്ട തീയതിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം തളളിയ ഹൈക്കോടതി നടപടിക്കെതിരെ ജോയ് കൈതാരം നല്‍കി ഹര്‍ജി സുപ്രീംകോടതി തളളി.

2014  ഫെബ്രുവരി 21 : സരിതാ നായർ ജയിൽ മോചിതയായി.

2014 മാർച്ച് 03 :  ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ പ്രവർത്തനമാരംഭിച്ചു. എ.പി. അബ്ദുള്ളകുട്ടി ബലാൽസംഗം ചെയ്തെന്ന് സരിതയുടെ ആരോപണം.

2014  ഏപ്രിൽ 28 : ശിവരാജൻ കമ്മീഷന്‍റെ കാലാവധി 6 മാസത്തേക്കുകൂടി നീട്ടി.

2014 ജൂണ്‍ 5  : സരിതകേസ് കൈകാര്യം ചെയ്തതില്‍ മുന്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.വി.രാജുവിന് ഗുരുതരമായ വീഴ്ചപറ്റിയതായി ഹൈക്കോടതി.

2014 ജൂണ്‍ 11 : സരിതാ നായര്‍ ലൈംഗിക ചൂഷണത്തെക്കുറിച്ചു പരാതി പറഞ്ഞിട്ടും പരാതി എഴുതി വാങ്ങാതെ വീഴ്ച വരുത്തിയ മജിസ്ട്രേറ്റിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി തുടരാന്‍ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം.

2014  ജൂലൈ 1 : അന്വേഷണ കമ്മീഷന്‍ നിയമനം രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ച് ജൂഡീഷ്യല്‍ കമ്മീഷനെതിരെ സരിതാനായര്‍ ഹൈക്കോടതിയെ സമീപിച്ചു.

2014  ജൂലൈ 4 :  മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കുമെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് സരിത സോളാർ കമ്മീഷനു മൊഴി നൽകി.

2014 നവംബര്‍, 7 : മുഖ്യമന്ത്രിയുടെ ഓഫീസ്, പേഴ്സണല്‍ സ്റ്റാഫ്, ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ഉയര്‍ന്നിട്ടുളള ആരോപണങ്ങള്‍ കൂടി അന്വേഷണ പരിധിയില്‍ സോളാര്‍ കമ്മീഷന്‍ ഉള്‍പ്പെടുത്തി.

2015 ഏപ്രിൽ 7 : കോടതി മുൻപാകെ സമർപ്പിക്കാൻ പത്തനംതിട്ട ജയിലിൽനിന്നും സരിത എഴുതിയ കത്ത് പുറത്തായി.

2015 ഒക്ടോബർ 13  : സോളാർ കമ്മീഷന്‍റെ കാലാവധി 2016 ഏപ്രിൽ വരെ നീട്ടി.

2015 ഡിസംബർ 1 : കെ.സി.വേണുഗോപാലും, ആര്യാടൻ മുഹമ്മദും ഗണേഷ്കുമാറും പണം ആവശ്യപ്പെട്ടിരുന്നെന്ന് ബിജു രാധാകൃഷ്ണന്‍റെ വെളിപ്പെടുത്തൽ.

2015 ഡിസംബർ 4 : മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സരിതയുമൊത്തുള്ള രംഗങ്ങളുണ്ടെന്ന് ബിജു രാധാകൃഷ്ണൻ അവകാശപ്പെടുന്ന സിഡി ഹാജരാക്കാൻ ശിവരാജൻ കമ്മീഷൻ ഉത്തരവ്.

2015  ഡിസംബർ 10: സിഡി കണ്ടെടുക്കാൻ പൊലീസ് സംഘം കോയമ്പത്തൂരിലേക്ക്. പക്ഷെ സിഡി കണ്ടെത്താനായില്ല.

2016  ജനുവരി 14: വിവാദ കത്ത് കമ്മീഷനു മുൻപാകെ ഹാജരാക്കാൻ കഴിയില്ലെന്ന് സരിത.

2016 ജനുവരി 25,  : മുഖ്യമന്ത്രി ശിവരാജൻ കമ്മീഷനു മുമ്പാകെ ഹാജരായി 13 മണിക്കൂർ വിചാരണ നേരിട്ടു. സരിതയെ 3 പ്രാവശ്യം കണ്ടിട്ടുണ്ടായിരിക്കുമെന്ന് ഉമ്മൻ ചാണ്ടി മൊഴി നല്‍കി.

2016  ജനുവരി 27 : മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു കൈക്കൂലി നൽകിയെന്ന് സോളാർ കമ്മീഷനു മുമ്പാകെ സരിതയുടെ മൊഴി. തമ്പാനൂർ രവിയും സരിതയും തമ്മിലെ ഫോൺ സംഭാഷണം പുറത്തായി. ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്ന് സരിത.

2016 ജൂണ്‍ 14 : മുന്‍ മന്ത്രി ഷിബു ബേബിജോണ്‍ സരിതയെ 8 തവണ ഫോണില്‍ വിളിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സോളാര്‍ കമ്മീഷനു ലഭിച്ചു.

2016 ജൂണ്‍ 16 : സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരില്‍ കണ്ടിട്ടില്ലെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. കമ്മീഷനില്‍ മൊഴി നല്‍കി.

2016 ജൂണ്‍ 16 : സരിതാനായരുമായി എം.എല്‍.എ പി.സി.വിഷ്ണുനാഥ് 183 തവണ ഫോണില്‍ സംസാരിച്ചതായി സോളാര്‍ കമ്മീഷനില്‍ ഫോണ്‍കോള്‍ രേഖകള്‍ കിട്ടി.

2016 ജൂണ്‍ 24 : സരിതാനായരെ നേരിട്ടു കണ്ടിട്ടുണ്ടെന്നു മുന്‍മന്ത്രി കെ.പി.മോഹനന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

2016 ജൂണ്‍ 24 : സോളാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

2016 ജൂണ്‍ 27 : സരിതാനായരെ സോളാര്‍ കമ്മീഷന്‍ 9 മണിക്കൂര്‍ ക്രോസ് വിസ്താരം നടത്തി.

2016 ജൂലൈ 01 : സരിതയെ കണ്ടിട്ടുണ്ട്, ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് ജോസ് കെ.മാണി എം.പി. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

2016 ജൂലൈ 13 : മുന്‍മന്ത്രി എ.പി.അനി‍ല്‍കുമാറിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നസറുളള 185 തവണ സരിതാനായരുമായി ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ രേഖകള്‍ സോളാര്‍ കമ്മീഷനു ലഭിച്ചു.

2016 ജൂലൈ 15 : ഉമ്മന്‍ചാണ്ടിക്ക് ദില്ലിയില്‍ വച്ചു പണം നല്‍കിയെന്ന സരിതയുടെ മൊഴി ശരിയെന്ന് ബിജു രാധാകൃഷ്ണന്‍.

2016  ജൂലൈ 28 : സരിതാനായരെ പരിചയമില്ലെന്നും നേരില്‍ കണ്ടിട്ടില്ലെന്നും മുന്‍ മന്ത്രി ജയലക്ഷ്മി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

2016  ഒക്ടോബര്‍ 4 : സോളാര്‍ കമ്മീഷന്‍റെ കാലാവധി 6 മാസം നീട്ടി.

2016  ഒക്ടോബര്‍ 25 : വിജിലന്‍സ് ഡയറക്ടറായിരിക്കെ എന്‍.ശങ്കര്‍ റെഡ്ഡി സോളാര്‍ കേസുമായി ബന്ധപ്പെട്ട പരാതികള്‍ പൂഴ്ത്തിയെന്ന ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു വിജിലന്‍സ് കോടതി നിര്‍ദ്ദേശം.

2016  നവംബര്‍ 8: ശങ്കര്‍ റെഡ്ഡിക്ക് എതിരായ ഹര്‍ജി കോടതി തളളി.

2016  ഡിസംബര്‍ 16 : സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ സരിതാനായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നുവര്‍ഷം തടവും പിഴയും.

2016 ഡിസംബര്‍ 23 : സോളാര്‍ കമ്മീഷനു മുമ്പാകെ വീണ്ടും ഉമ്മന്‍ചാണ്ടി ഹാജരായി. സരിത നായരുമായി ഉമ്മന്‍ചാണ്ടി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന സലിംരാജിന്‍റെ മൊഴി അദ്ദേഹം തളളി.

2017  ജനുവരി 30 : പേഴ്സണല്‍ സ്റ്റാഫ് തന്‍റെ ഓഫീസ് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് വീണ്ടും സോളാര്‍ കമ്മീഷനു മുമ്പാകെ ഉമ്മന്‍ചാണ്ടി മൊഴി നല്‍കി.

2017  ജനുവരി 3: സോളാര്‍ കേസില്‍ ബെംഗളൂരു കോടതി ശിക്ഷ വിധിച്ച മറ്റ് മൂന്ന് പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നതായി ബെംഗളൂരു കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉമ്മന്‍ചാണ്ടി

2017 ജനുവരി 13 : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് സരിത. കമ്മിഷനില്‍ നല്‍കിയ തെളിവുകളില്‍ പകുതിയിലേറെയും ഉമ്മന്‍ചാണ്ടിക്ക് എതിരെയാണെന്നും സരിത.

2017  ഏപ്രില്‍ 5 : 2016 ഒക്ടോബറില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ബംഗളൂരു സിറ്റി സിവില്‍ കോടതി പുറപ്പെടുവിച്ച വിധി കോടതി റദ്ദാക്കി.

2017 ജൂലായ് 24  : സോളാര്‍ കമ്മീഷന്‍റെ കാലാവധി രണ്ട്  മാസത്തേയ്ക്ക് നീട്ടി.

2017 സെപ്റ്റംബര്‍ 26 : സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷന്‍ അധ്യക്ഷന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം.

2017 ഓക്ടോബര്‍ 11 : ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം, തിരുവഞ്ചിയൂരിനെതിരെ ക്രിമിനല്‍ കേസ്, ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് കേസ്, സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരെ ബലാത്സംഗ കേസിനും മന്ത്രിസഭ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

2017  ഓക്ടോബര്‍ 23 : ഉമ്മന്‍ ചാണ്ടിക്കും കെ സി വേണുഗോപാലിനും എതിരെ എടുത്ത കേസില്‍ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

2018 ജൂണ്‍ 8 : സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

2018 ജൂണ്‍ 29 : ഉമ്മന്‍ചാണ്ടിക്കെതിരെ സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും നീക്കി.

2018 സെപ്തംബര്‍ 12 :  സരിത എസ്. നായരെ കാണാനില്ലെന്ന് വലിയതുറ പൊലീസ് കോടതിയില്‍.

2018 ഒക്ടോബര്‍ 16 : പൊലീസിന് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സരിത, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രത്യേകം നല്‍കിയ ബലാത്സംഗ പരാതികളില്‍ കേസെടുക്കാന്‍ തീരുമാനം.

2018 ഒക്ടോബര്‍ 20: സരിത എസ് നായരുടെ പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഢനത്തിന് അടക്കം ക്രൈംബ്രാഞ്ച് കേസ്. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെസി വേണുഗോപാലിനെതിരെ ബലാത്സംഗ കേസ്. ബലാത്സംഗ പരാതിയിൽ സരിതയുടെ മൊഴിയും രേഖപ്പെടുത്തി.

2018 ഒക്ടോബര്‍ 21 : എസിപി അബ്ദുള്‍ കരീം അന്വേഷണ സംഘത്തലവന്‍.

2019 മാര്‍ച്ച് 26: ഹൈബി ഈഡനെതിരായ ബലാത്സംഗ പരാതിയില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് സരിത ഹൈക്കോടതിയില്‍.

2019 ഏപ്രില്‍ 3 : ഹൈബി ഈഡനെതിരെ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സരിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

2019 ഏപ്രില്‍ 4 : വയനാട് ലോക്സഭാ മണ്ഡലത്തിലും മത്സരിക്കുന്നതിന് സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

2019 ഏപ്രില്‍ 6 : എറണാകുളത്തും വയനാട്ടിലും സരിത സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി.

2019 മെയ് 5 : ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണ കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് സരിത സുപ്രീംകോടതിയില്‍.

2019 ഒക്ടോബര്‍ 10 : സരിത നായരുടെ ടീം സോളാര്‍ കമ്പനിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ അഭ്യന്തര അഡീഷണല്‍ സെക്രട്ടറി മൊഴി നല്‍കി.

2020 ജനുവരി 10 : സോളാര്‍ കേസിന്‍റെ വിശദാംശങ്ങൾ തേടി കേന്ദ്ര അന്വേഷണ ഏജൻസി സമീപിച്ചെന്ന് സരിതയുടെ വെളിപ്പെടുത്തല്‍.

2020 ഒക്ടോബര്‍ 1: സോളാർ കേസിൽ ബിജു രാധാകൃഷ്ണന് ആറും വർഷത്തെ തടവും പിഴയും ശിക്ഷ. സോളാർ ഉപകരങ്ങളുടെ വിതരണ അവകാശം വാങ്ങിക്കുവാൻ മുൻ മുഖ്യമന്ത്രിയുടെ വ്യാജ കത്ത് കാട്ടി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി.

2020 നവംബര്‍ 1 : ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പീഡന കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി കേരളാ പൊലീസ്.

2020 നവംബര്‍ 4 : സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സരിത ഡിജിപിക്ക് നൽകിയ പരാതിയില്‍  കേസെടുത്തു.

2020 ഡിസംബർ 16 :  അനിൽകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം.

2021 ജനുവരി 24 :  സോളാർ കേസ് സി ബി ഐയ്ക്ക്

2021 മാര്‍ച്ച് 24 : സോളാർ ലൈംഗിക പീഡനക്കേസിൽ സിബിഐ പ്രാഥമിക പരിശോധന തുടങ്ങി.

2021 മാര്‍ച്ച് 25  :  സോളാർ പീഡന പരാതിയിൽ ഉമ്മൻചാണ്ടിക്കെതിരെ ഇതേ വരെ തെളിവില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട്.

2021 മാര്‍ച്ച് 25 : റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നു. ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന കേസ് അട്ടിമറിക്കപ്പെട്ടുവെന്നും സരിത.

2021 ഏപ്രില്‍ 22 : സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരെ റിമാൻഡ് ചെയ്തു.

2021 ഏപ്രില്‍ 27 :  വ്യവസായിയായ അബ്ദുള്‍ മജീദില്‍ നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്ന  സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് 42,000 രൂപ പിഴയും  ആറ് വര്‍ഷം കഠിന തടവും ശിക്ഷ.

2021 ഒക്ടോബര്‍ 13: സോളാർ കേസിൽ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം.

2022 ജനുവരി 24 : സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ട കേസിൽ 10,10,000 രൂപ നല്‍കാന്‍ വിധി.

2022  ഫെബ്രുവരി 9 :  സോളാർ അപകീർത്തി കേസ്; നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ അപ്പീൽ നൽകി

2022 ഏപ്രില്‍ 5 : ഹൈബി ഈഡനെതിരായ സോളാർ പീഡന പരാതിയില്‍ എംഎൽഎ ഹോസ്റ്റലിൽ സിബിഐ പരിശോധന.  സിബിഐ സംഘം ദില്ലി കേരള ഹൗസ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി.

2022 മെയ് 3 :   സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ 5.30 മണിക്കൂർ നീണ്ട തെളിവെടുപ്പ് നടത്തി സിബിഐ.

2022 മെയ് 13  :  ഹൈബി ഈഡൻ എം പിയെ സിബിഐ ചോദ്യം ചെയ്തു

2022 മെയ് 14  : കെബി ഗണേഷ് കുമാർ എംഎൽഎയുടെ മൊഴിയെടുത്ത് സിബിഐ

2022 ജനുവരി 17 : സോളാർ പീഡനക്കേസില്‍ പി.സി. ജോർജ്ജിന്‍റെയും ലതികാ സുഭാഷിന്‍റെയും മൊഴിയെടുത്ത് സിബിഐ.

2022 ജൂലൈ 2 : സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് പി സി ജോർജിനെ അറസ്റ്റ് ചെയ്തു.

2022 ഓഗസ്ത് 11 : വ്യവസായി എം.കെ കുരുവിളയുടെ മൊഴി സിബിഐ എടുത്തു.

2022 ഓഗസ്ത് 14 :  ലൈംഗിക പീഡന കേസിൽ ഹൈബി ഈഡനെതിരെ തെളിവില്ലെന്ന് സിബിഐ

2022 ഓഗസ്ത് 16 : കെ സി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു.

2022 ഓഗസ്ത് 18  :  അടൂർ പ്രകാശിനെയും എ പി അനിൽ കുമാറിനെയും സിബിഐ ചോദ്യം ചെയ്തു.

2022 സെപ്തംബര്‍ 3 : സോളാർ ലൈംഗിക പീഡനക്കേസിൽ അന്വേഷണം ഉന്നതരിലേക്ക് എത്തുന്നില്ലെന്ന് ആരോപിച്ച് ബിഐക്കെതിരെ പരാതിയുമായി സരിത ഹൈക്കോടതിയിൽ.

2022 സെപ്തംബര്‍ 20 : ബിജെപി നേതാവ് അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു

2022 നവംബര്‍ 27 : അടൂർ പ്രകാശിനെ കുറ്റവിമുക്തമാക്കി സിബിഐ, കോടതിയിൽ റിപ്പോർട്ട് നൽകി.

2022 ഡിസംബര്‍ 12 : എ പി അനിൽ കുമാറിനും ക്ലീൻ ചിറ്റ് നല്‍കി സിബിഐ.

2022 ഡിസംബര്‍ 22 : ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിധിക്ക് സ്റ്റേ

2022 ഡിസംബര്‍ 28 : ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ. സോളാർ കേസിൽ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ഉമ്മൻ ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്ന് സരിത. എന്നാല്‍,  മറ്റുള്ളവരുടെ കേസിൽ സിബിഐ റിപ്പോർട്ട് തള്ളണമെന്നും സരിത.

Back to top button
error: