കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ സി.പി.എം നേതാവ് പി ജയരാജനെ പിന്തുണച്ച് കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. ചൊവ്വാഴ്ച രാത്രി അഴീക്കോട് കടപ്പുറം റോഡില്‍ കാപ്പിലെ പീടികയിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ”ഒരു കമ്യൂണിസ്റ്റിന്റെ കൈയില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണം. ഒന്ന് വര്‍ഗശത്രുവിനുനേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും” എന്നാണ് ഫ്‌ളക്‌സിലെ വാചകം. പി ജയരാജന്‍ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവും ബോര്‍ഡിലുണ്ട്.ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണം ചര്‍ച്ചയായി തുടരുന്നതിനിടെയാണ് പി ജയരാജനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
അതിനിടെ, ഇ.പി ജയരാജനെതിരേ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണം ഇന്നു നടക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് കേന്ദ്ര നേതൃത്വം വിശദാംശങ്ങള്‍ തേടും. എന്നാല്‍, വിഷയത്തില്‍ കേന്ദ്രനേതൃത്വം തല്‍ക്കാലം നേരിട്ട് ഇടപെടില്ല.
അതേസമയം, കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ട് വിവാദത്തില്‍ മൗനം തുടരുകയാണ് ഇ.പി ജയരാജന്‍. പി.ജരാജന്‍ ഉന്നയിച്ച സാമ്പത്തിക ക്രമക്കേട് ആരോപങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഇ.പി ഒഴിഞ്ഞുമാറി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല.