ആലപ്പുഴ: സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സി.പി.എം നേതാവിനെതിരേ പാര്‍ട്ടിതല അന്വേഷണം. സി.പി.എം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗത്തിനെതിരെയാണ് അന്വേഷണം. ഇന്നലെ വൈകിട്ട് അടിയന്തര ജില്ലാ നേതൃയോഗം ചേര്‍ന്നാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ഇയാളെ സിഐടിയുവിന്റെ ചുമതലകളില്‍ നിന്ന് നീക്കി.
യുവതി കുളിക്കുന്നത് ഒളിഞ്ഞു നോക്കിയതിനാണ് ഇയാള്‍ പിടിയിലാകുന്നത്. പാര്‍ട്ടിക്കാര്‍ തന്നെ ഇയാളെ ‘കൈകാര്യം’ ചെയ്തു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്നു പരിശോധിച്ചപ്പോഴാണ് മുപ്പതിലേറെ സ്ത്രീകളുടെ അശ്ലീല വിഡിയോ ഫോണില്‍ കണ്ടെത്തിയതെന്നാണ് വിവരം.
പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകരായ സ്ത്രീകളുടെ ഉള്‍പ്പെടെ നഗ്നദൃശ്യങ്ങള്‍ ഏരിയ കമ്മിറ്റിയംഗത്തിന്റെ ഫോണില്‍ ഉണ്ടെന്നാണ് സൂചന. സ്ത്രീകളുമായുള്ള വീഡിയോ കോളുകള്‍ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചതും ഇയാളുടെ ഫോണില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് ഒന്നര മാസം മുന്‍പ് ഇയാള്‍ക്കെതിരേ പരാതികള്‍ പാര്‍ട്ടിക്കു മുന്നില്‍ എത്തിയിരുന്നു.
എന്നാല്‍, പാര്‍ട്ടിയിലെ ചില ഉന്നതരാണ് ഇയാളെ സംരക്ഷിച്ചതെന്നാണ് ആക്ഷേപം. ജില്ലാ നേതൃത്വത്തിനു പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് സ്ത്രീകളില്‍ ഒരാള്‍ രണ്ടാഴ്ച മുന്‍പ് നേരിട്ട് സംസ്ഥാന നേതൃത്വത്തെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ മഹീന്ദ്രന്‍, ജി രാജമ്മ എന്നിവരെ അന്വേഷണ കമ്മിഷനായി നിയോഗിച്ചത്.
വിവിധ ആവശ്യങ്ങള്‍ക്ക് പാര്‍ട്ടിയെ ആശ്രയിക്കുന്ന സ്ത്രീകളോട് ഇയാള്‍ മോശമായി പെരുമാറിയിരുന്നുവെന്ന വിവരം പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായുള്ള ആരോപണമെന്നായിരുന്നു വിലയിരുത്തല്‍. പരാതികളുടെ പശ്ചാത്തലത്തില്‍ ഇയാളെ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കൂടിയായിരുന്ന ഇയാളെ പദവികളില്‍നിന്നും നീക്കി. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിതല നടപടിയും ഉണ്ടാകും.