സല്‍മാന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഷാരൂഖ് എത്തി; കെട്ടിപിടിച്ചും സ്നേഹം പങ്കുവച്ചും ഖാന്മാര്
ബോളിവുഡിലെ മെഗാ താരങ്ങളാണ് ഖാന്മാരായ ഷാരൂഖും സല്‍മാനും. ഇരുവരും ഒന്നിച്ചെത്തുന്ന നിമിഷങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കാറ്. സല്മാന് ഖാന്റെ 57-ാം പിറന്നാളിനോടനുബന്ധിച്ച് സഹോദരി അര്‍പിത മുംബൈയില്‍ പാര്‍ട്ടിയൊരുക്കിയിരുന്നു. സല്മാന് ആശംസകളുമായി പിറന്നാള്‍ പാര്‍ട്ടിക്കെത്തിയ ഷാരൂഖിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സല്‍മാനെ ആലിംഗനം ചെയ്യുന്ന ഷാരൂഖിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്.
നിരവധി സെലിബ്രിറ്റികളും ബര്‍ത്ത്ഡേ പാര്ട്ടിയ്ക്കെത്തിയിരുന്നു. ജാന്‍വി കപൂര്‍, കാര്‍ത്തിക് ആര്യന്, സൊനാക്ഷി സിന്‍ഹ, സുനില്‍ ഷെട്ടി, തബു, പൂജ ഹെഗ്ഡെ, റിതേഷ് ദേശ്മുഖ്, ജനീലിയ ഡിസൂസ തുടങ്ങി താരങ്ങളുടെ ഒരു വലിയ നിര തന്നെയാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. കിംഗ് ഖാന് തന്നെയായിരുന്നു പാര്‍ട്ടിയുടെ ശ്രദ്ധ കേന്ദ്രം. കറുത്ത നിറത്തിലെ ടീഷര്‍ട്ട് ആയിരുന്നു ഷാരൂഖും സല്‍മാനും ധരിച്ചിരുന്നത്. സല്മാന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് താരങ്ങളും ആരാധകരും. 2017 ല്‍ പുറത്തിറങ്ങിയ ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്. സല്മാന് നായകനായെത്തിയ ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു ഷാരൂഖ് എത്തിയത്.
https://www.instagram.com/reel/Cmp7Wx8jxV4/?utm_source=ig_web_button_share_sheet
കരണ്‍ അര്ജുന്, കുച് കുച് ഹോതാ ഹേ, ഹര് ദില്‍ ജോ പ്യാര് കരേഗ, ഓം ശാന്തി ഓം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. ഫര്‍ഹാദ് സാംജിയുടെ കിസി ക ഭായ് കിസി കി ജാന്‍ എന്ന ചിത്രമാണ് സല്‍മാന്റേതായി അണിയറയിലൊരുങ്ങുന്ന ചിത്രം. അടുത്ത വര്‍ഷം ഈദ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. പൂജ ഹെഗ്ഡെ, വെങ്കിടേഷ് ദഗുബാട്ടി, ഷെഹനാസ് ഗില്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ടൈഗര്‍ 3 യും സല്‍മാന്റേതായി അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.
അടുത്ത വര്‍ഷം ദീപാവലി റിലീസായി ആയിരിക്കും ടൈഗര്‍ 3 എത്തുക. ഷാരൂഖിന്റേയും നിരവധി പ്രൊജക്ടുകളാണ് അടുത്ത വര്‍ഷം റിലീസിനായി ഒരുങ്ങുന്നത്. പത്താന്, ജവാന്, ഡങ്കി തുടങ്ങിയ ചിത്രങ്ങളാണ് ഷാരൂഖിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങള്‍. 1988 ല്‍ ബിവി ഹോ തോ ഐസി എന്ന ചിത്രത്തിലൂടെയായിരുന്നു സല്മാന് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.