കോഴിക്കോട്: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരേ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളി മുസ്ലിം ലീഗ് എം.എല്‍.എയും പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി.എ.മജീദ്. ”ഈ അനീതിക്കെതിരെ മിണ്ടിയെ തീരൂവെ”ന്ന് മജീദ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു സി.പി.എം. മുന്‍ കണ്ണൂര്‍ ജില്ലാസെക്രട്ടറിയും സംസ്ഥാനകമ്മിറ്റിയംഗവുമായ പി. ജയരാജന്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ഉന്നയിച്ച ആരോപണം.
പി.ജയരാജന്‍ ഉന്നയിച്ച ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്നും മുസ്ലിംലീഗ് അതില്‍ അഭിപ്രായം പറയുന്നില്ലെന്നും ഇടപെടില്ലെന്നുമായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. തൊട്ടുപിന്നാലെയാണ് റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ആവശ്യപ്പെട്ട് കെ.പി.എ.മജീദ് രംഗത്തെത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തില്‍ ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.
”കുന്നിടിച്ചും ജലം ഊറ്റിയും സി.പി.എം നേതാവ് ഇ.പി ജയരാജനും മകനും കൂടി പണിത ആയുര്‍വേദ റിസോര്‍ട്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അടയാളപ്പെടുത്തല്‍ നടത്തിയ മൊറാഴയിലാണ് ആരെയും കൂസാതെയുള്ള ഈ വൈദേകം. മൊറാഴ ഉടുപ്പിലെ പത്തേക്കര്‍ കുന്ന് പൂര്‍ണമായും ഇടിച്ച് നിരത്തി. അരുതേ എന്ന് പറഞ്ഞ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെയുള്ളവരെ ആട്ടിയോടിച്ചു.
പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ നഗരസഭ അതിവേഗം റിസോര്‍ട്ടിന് അനുമതി നല്‍കി. ഒരു ചുവപ്പുനാടയിലും ആ അപേക്ഷ കുടുങ്ങിയില്ല. ഏതാണീ നഗരസഭയെന്ന് എല്ലാവര്‍ക്കും അറിയാം. കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം കണ്‍വന്‍ഷന്‍ സെന്റര്‍ പണിയാനായി വിനിയോഗിച്ച പ്രവാസിക്ക് പ്രവര്‍ത്തനത്തിന് അനുമതി നല്‍കാതെ ആ മനുഷ്യനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അതേ നഗരസഭ. നിര്‍മ്മാണം തടയാന്‍ ഒരു ചെങ്കൊടിയും ഉയര്‍ന്നില്ല. എതിര്‍പ്പുകളെയെല്ലാം ചെങ്കൊടി കൊണ്ട് നിശ്ശബ്ദമാക്കി. റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണ്. പാര്‍ട്ടിക്കുള്ളില്‍ പോര് മുറുകുന്നുണ്ട്. പിണറായി ഇതുവരെയും മിണ്ടിയിട്ടില്ല. ഈ അനീതിക്കെതിരെ മിണ്ടിയേ തീരൂ” മജീദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.