KeralaNEWS

റിസോര്‍ട്ടില്‍ ജയരാജനു പങ്കാളിത്തമില്ല; മകന് ഓഹരിയുണ്ട്, വിവാദത്തിന് പിന്നില്‍ മറ്റൊരാള്‍, കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തും: വൈദേകം സി.ഇ.ഒ

കണ്ണൂര്‍: ഇ.പി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തില്‍ വിശദീകരണവുമായി വൈദേകം റിസോര്‍ട്ട് സി.ഇ.ഒ. തോമസ് ജോസഫ്. വിവാദത്തിനു പിന്നില്‍ പഴയ എം.ഡിയാണെന്നും മാനേജിങ്ങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി പുതിയ ഒരാളെ എം.ഡിയായി നിയമിച്ചതിലുള്ള വൈരാഗ്യമാകാം വിവാദങ്ങള്‍ക്കു കാരണമെന്നും തോമസ് ജോസഫ് പറഞ്ഞു. ഇയാളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തുമെന്നും തോമസ് ജോസഫ് പറയുന്നു.

വിവാദങ്ങളില്‍ ഇ.പിയ്ക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. ഇ.പിയെ വലിച്ചിഴയ്ക്കുന്നത് മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയാണ്. വൈദേകം ആയുര്‍വേദം ഹീലിങ്ങ് വില്ലേജ് എന്ന സ്ഥാപനം 20 ഓഹരി ഉടമകള്‍ ചേര്‍ന്നു നടത്തുന്ന ആയുര്‍വേദ ആശുപത്രിയാണ്. അതില്‍ ജയരാജന് പങ്കാളിത്തമില്ല. മകന്‍ പി.കെ ജയ്സണ് രണ്ടു ശതമാനം ഓഹരിയുണ്ട്. റിസോര്‍ട്ടിന്റെ ഡയറക്ടറുമാണ്. എന്നാല്‍, അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ജയരാജനോ ജയ്സണോ ഇടപെടാറില്ല.

Signature-ad

ഇത്തരത്തിലുള്ള വിവാദ വാര്‍ത്തകളില്‍ ജയരാജന്‍ ആശങ്കപ്പെടുന്നുണ്ട് എന്ന് തോന്നുന്നില്ല. കാരണം അദ്ദേഹത്തിന് അതില്‍ ഭയക്കാന്‍ ഒന്നുമില്ല. ഇതില്‍ മറച്ചുവെക്കാനും ഒന്നുമില്ല. എല്ലാ കാര്യങ്ങളും സുതാര്യമായി നടക്കുന്ന കമ്പനിയില്‍ എല്ലാ കാര്യങ്ങളും വ്യക്തമായി മുന്നോട്ടു വരിക തന്നെ ചെയ്യും. വിവാദങ്ങള്‍ ചില്ലുകൊട്ടാരം പോലെ തകര്‍ന്നു പോകുന്ന വെറും ആക്ഷേപങ്ങള്‍ മാത്രമാണ്.

കണ്ണൂര്‍ ജില്ലയില്‍ ഒരു ആശുപത്രി വരുമ്പോള്‍ അവിടെ പ്രവര്‍ത്തിക്കുന്ന മറ്റ് ആശുപത്രിയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് ക്ഷണക്കത്ത് കൊടുക്കുന്നത് സ്വാഭാവികമല്ലേ. അങ്ങനെയുള്ളപ്പോള്‍ എ.കെ.ജി ഹോസ്പിറ്റലിന്റെയും ഇന്ദിരാഗാന്ധി സഹകരണാശുപത്രിയുടെ പ്രസിഡന്റുമാരെ ക്ഷണിച്ചതില്‍ എന്താണു തെറ്റ്. മമ്പറം ദിവാകരനും മറ്റും അവിടെയെത്തിയതിന്റെ ഫോട്ടോ വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടു. ആ ഫോട്ടോയെടുത്തതും മുന്‍ എം.ഡിയുടെ ബന്ധുവാണെന്നും തോമസ് ജോസഫ് പറയുന്നു.

തലശ്ശേരിയിലുള്ള കെ.പി രമേശന്‍ എന്ന വ്യവസായിയാണ് വിവാദങ്ങള്‍ക്കു പിന്നിലെന്നാണ് സി.ഇ.ഓയുടെ വിശദീകരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഇ.പി അനധികൃത സമ്പാദം നടത്തിയിട്ടില്ലെന്നും അത് റിസോര്‍ട്ടില്‍ നിക്ഷേപിച്ചിട്ടില്ല എന്നുമാണ് സി.ഇ.ഒയുടെ വാദം.

അതേസമയം, വിവാദ റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പി.ജയരാജന്റെ ഭാര്യയും മകനും അംഗമാണെന്ന രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2014 ലാണ് അരോളിയില്‍ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേര്‍ന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തില്‍ 3 കോടി രൂപ മൂലധനത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി റജിസ്റ്റര്‍ ചെയ്തത്. 11 അംഗ ഡയറക്ടര്‍ ബോര്‍ഡാണുള്ളതെന്ന് കമ്പനിയുടെ മാസ്റ്റര്‍ ഡേറ്റയില്‍ പറയുന്നു. കമ്പനിക്ക് 6.65 കോടി രൂപ വരെ നിക്ഷേപം ഉണ്ടായിട്ടുണ്ട്. ഇ.പിയുടെ മകന്‍ ജയ്‌സനാണ് കമ്പനിയില്‍ ഏറ്റവുമധികം (2,500) ഓഹരിയുള്ള ഡയറക്ടര്‍ എന്നുമാണ് പുറത്തു വന്ന വിവരം.

 

 

Back to top button
error: