IndiaNEWS

ഇന്ത്യ-ചൈന അതിർത്തിയിൽ കരസേനയുടെ ട്രക്ക് മറിഞ്ഞ് മരിച്ച വൈശാഖിന്റെ മൃതദേഹം പാലക്കാട്‌ വീട്ടിലെത്തിച്ചു, സംസ്കാരം ഇന്ന് ഉച്ചയ്ക്ക്

പാലക്കാട്: വടക്കൻ സിക്കിമിലെ സെമയിൽ കരസേനയുടെ ട്രക്ക് മലയിടുക്കിലേക്കു മറിഞ്ഞ് വീരമൃത്യുവരിച്ച സൈനികൻ വൈശാഖിന്റെ (27) മൃതദേഹം പാലക്കാട്ടെ വീട്ടിൽ എത്തിച്ചു. രാത്രി ഒൻപതരയോടെ ആണ് ചെങ്ങണിയൂർ കാവിലെ പുത്തൻവീട്ടിൽ മൃതദേഹം എത്തിച്ചത്. കോയമ്പത്തൂരിൽ എത്തിച്ച മൃതദേഹം റോഡ് മാർഗമാണ് വീട്ടിലേയ്ക്കു കൊണ്ടു വന്നത്.

വാളയാർ അതിർത്തിയിൽ മന്ത്രി എം.ബി. രാജേഷ്, ഷാഫി പറമ്പിൽ എം എൽ എ, പാലക്കാട് എസ്.പി ആർ വിശ്വനാഥ് എന്നിവർ ചേർന്നാണ് വൈശാഖിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. .

Signature-ad

ഇന്ന് രാവിലെ എട്ട് മണിക്ക് തൊട്ടടുത്തുള്ള ചുങ്കമന്നം സർക്കാർ സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. ഉച്ചയോടെ സൈനിക ബഹുമതികളോടെ തിരുവില്വാമല ഐവർ മഠത്തിലാണ് വൈശാഖിന്റെ മൃതദേഹം സംസ്‌ക്കരിക്കുക.

ഇന്ത്യ-ചൈന അതിർത്തിയിലാണ് സെമ. വെള്ളിയാഴ്ച രാവിലെ ചാറ്റണിൽനിന്ന് തംഗുവിലേക്ക് പുറപ്പെട്ട മൂന്നു ട്രക്കുകളിൽ ഒന്നാണ് കൊക്കയിലേക്ക് മറിഞ്ഞത്. കുത്തനെയുള്ള ചരിവിലൂടെ വാഹനം തെന്നിമാറിയുണ്ടായ അപകടത്തിലാണ് സൈനികർക്ക് ജീവഹാനി സംഭവിച്ചത്. അപകടത്തിൽ 16 സൈനികർ കൊല്ലപ്പെട്ടു.
മൂന്നുപേർ ജൂനിയർ കമ്മിഷൻഡ് ഓഫീസർമാരാണ്. നാലുസൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് അധികൃതർ പറഞ്ഞു.

ബംഗാളിൽ 221 ആർട്ടിലറി രജിമെന്റിൽ നായിക്കായിരുന്നു വൈശാഖ്. 2015-ലാണ് സൈന്യത്തിൽ ചേർന്നത്. ജൂലായ് 24-ന് മകന്റെ പിറന്നാളിനാണ് വൈശാഖ് അവസാനമായി നാട്ടിലെത്തിയത്.

ഭാര്യ: ഗീതു. മകൻ: ഒന്നരവയസ്സുള്ള തൻവിക്. സഹദേവനാണ് അച്ഛൻ. അമ്മ: വിജി. സഹോദരി: ശ്രുതി.

Back to top button
error: