CrimeNEWS

കമ്പനി എം.ഡി ചമഞ്ഞ് ജ്വല്ലറികളില്‍ തട്ടിപ്പ്; പ്രതിയുടെ താമസം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍, അടിച്ചുപൊളിക്കാന്‍ ഒരു മാസം പൊട്ടിച്ചത് ലക്ഷങ്ങള്‍

തൃശ്ശൂര്‍: പ്രശസ്ത ജ്വല്ലറികളിലേക്ക് ഫോണില്‍ വിളിച്ച് പ്രമുഖ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണെന്ന് പരിചയപ്പെടുത്തി സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുക്കുന്നയാള്‍ അറസ്റ്റിലായി. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേപ്പുരയില്‍ റാഹില്‍ (28) ആണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ഷാഡോ പോലീസിന്റെ പിടിയിലായത്. തൊഴിലാളികള്‍ക്ക് നല്‍കാന്‍ സ്വര്‍ണനാണയങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് പിന്നീട് ജ്വല്ലറികളിലെത്തുന്ന ഇയാള്‍ കമ്പനിയുടെ ജീവനക്കാര്‍ക്ക് സമ്മാനം നല്‍കാന്‍ ഒരു പവന്റെ നാണയങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. തുടര്‍ന്ന് സമീപത്തെ സ്റ്റാര്‍ ഹോട്ടലിലേക്ക് എത്തിക്കാനും പറയും. ഹോട്ടലിലെത്തുന്ന ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് നാണയങ്ങള്‍ തട്ടിയെടുത്തു മുങ്ങുകയാണ് രീതി.

മറ്റൊരു തട്ടിപ്പിന് പദ്ധതി തയ്യാറാക്കവേ കോഴിക്കോട് ആഡംബര ഹോട്ടലില്‍നിന്നാണ് പ്രതി പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയാണിയാളെന്ന് പോലീസ് പറയുന്നു. നവംബര്‍ ഏഴിന് തൃശ്ശൂര്‍ നഗരത്തിലെ ജ്വല്ലറിയിലേക്ക് വിളിച്ച് റാഹില്‍ ഒരു പവന്റെ ഏഴ് നാണയങ്ങള്‍ ഓര്‍ഡര്‍ചെയ്ത് തട്ടിപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് ജ്വല്ലറി ജീവനക്കാര്‍ തൃശ്ശൂര്‍ ഈസ്റ്റ് പേലീസില്‍ പരാതി നല്‍കി.

Signature-ad

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പുകേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്ന റാഹില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ജയില്‍മോചിതനായത്. തുടര്‍ന്നാണ് സ്വര്‍ണനാണയങ്ങളും വിലപിടിച്ച മൊബൈല്‍ ഫോണുകളും തട്ടിയെടുക്കുന്ന പുതിയ രീതിയുമായി ഇറങ്ങിയത്.

നവംബര്‍ രണ്ടിന് എറണാകുളം വൈറ്റിലയിലുള്ള മൊബൈല്‍ഷോപ്പില്‍ നിന്ന് സമാനമായ രീതിയില്‍ പത്തുലക്ഷം രൂപയുടെ ഐഫോണുകള്‍, വാച്ച് എന്നിവ തട്ടിയെടുത്തതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഒക്ടോബര്‍ 10-ന് കോഴിക്കോട് ഹോട്ടലില്‍ താമസിച്ച് അരലക്ഷം രൂപയും വിലകൂടിയ മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസുമുണ്ട്.

മലപ്പുറം വാഴക്കോട്, എറണാകുളത്തെ മരട്, അങ്കമാലി, മുളവുകാട് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന്‍, കോഴിക്കോട് ചേലാവൂര്‍ എന്നിവിടങ്ങളില്‍ റാഹിലിന്റെ പേരില്‍ തട്ടിപ്പുകേസുകള്‍ ഉണ്ട്. അതേസമയം, വിവിധ ജ്വല്ലറികളില്‍നിന്ന് തട്ടിയെടുത്ത സ്വര്‍ണനാണയങ്ങള്‍ റാഹില്‍ പല ജില്ലകളിലെ ജ്വല്ലറികളിലാണ് വിറ്റഴിച്ചിരിക്കുന്നത്. ഇതില്‍നിന്നു കിട്ടിയ ആറു ലക്ഷത്തിലധികം രൂപ കഴിഞ്ഞ രണ്ടു മാസം കൊണ്ട് ഇയാള്‍ ചെലവഴിച്ചു.

മുംബൈ താജ് റസിഡന്‍സി, ബംഗളൂരു മാരിയറ്റ് ഹോട്ടല്‍ എന്നിവിടങ്ങളിലായിരുന്നു പ്രതിയുടെ താമസം. ഒരു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും മാത്രം മുപ്പതിനായിരം രൂപയാണ് ചെലവഴിച്ചിരുന്നത്. കൊച്ചിയില്‍നിന്നും കണ്ണൂരില്‍ നിന്നും മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് വിമാനത്തിലാണ് സഞ്ചരിച്ചിരുന്നത്. റോഡ് മാര്‍ഗം യാത്ര ടാക്സിയില്‍ മാത്രമാണ് ചെയ്തിരുന്നത്.

വിലകൂടിയ ബ്രാന്റ്ഡ് ഡ്രസ്സുകളും ചെരിപ്പുകളും ഷൂകളും മാത്രമാണ് ഉപയോഗിച്ചിരുന്നത്. ആയിരങ്ങള്‍ വിലവരുന്ന സൗന്ദര്യവര്‍ധക വസ്തുക്കളും സുഗന്ധലേപനങ്ങളും പ്രതി താമസിച്ചിരുന്ന മുറി പരിശോധിച്ചപ്പോള്‍ കണ്ടെടുത്തതായി പോലീസ് പറയുന്നു.

 

Back to top button
error: