കോഴിക്കോട്: കൊയിലാണ്ടിയില്‍ കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ 62 വയസുകാരനായ മാതൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അപ്പൂപ്പനില്‍നിന്ന് ഉപദ്രവം നേരിട്ടതായി 19 വയസുകാരിയായ
വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പിലും പരാമര്‍ശിച്ചിരുന്നു.
ഡിസംബര്‍ 17-ാം തീയതിയാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പും മറ്റുവിവരങ്ങളും കണ്ടെത്തിയത്. ഇതിനുപിന്നാലെ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പും ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇതിനാലാണ് പോക്സോ വകുപ്പുകള്‍ കൂടി ചുമത്തി കേസെടുത്തത്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന പരാമര്‍ശങ്ങളുണ്ടായിരുന്നു. ”മാതാപിതാക്കള്‍ എന്നോട് പൊറുക്കണം, എന്റെ ഭാഗത്തുനിന്നുള്ള എല്ലാ തെറ്റിനോടും പൊരുത്തപ്പെടണം. എന്നെ വെറുക്കരുത്. മാതാവിന് ഏറ്റവും ഇഷ്ടമുള്ള ആളുണ്ടല്ലോ, മാതൃപിതാവ്. അവരോട് ചോദിക്ക് എന്നോട് എന്താ ചെയ്തതെന്ന്. ഒന്നും അറിയിക്കാതെ, എല്ലാംസഹിച്ച് ഇനി കഴിയില്ല” എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.