പുതുവർഷത്തിലേക്ക് കടക്കുകയാണ്. ആഘോഷ സമയത്ത് ചെലവാക്കലുകളും കൂടും. ചെലവാക്കലുകൾക്ക് ഇന്നത്തെ കാലത്ത് കയ്യിൽ പണം ആവശ്യമില്ല. പണമില്ലാത്തവരാണെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെലവാക്കുന്ന ശീലം ഇന്ന് കൂടി വരുന്നുണ്ട്. കൃത്യ സമയത്ത് ബില്ലുകൾ അടച്ച് തീർക്കാനായാൽ കുടിശ്ശിക വരുത്താത്ത ഇടപാടുകാർക്ക് മികച്ച ഓപ്ഷനാണ് ക്രെഡിറ്റ് കാർഡുകൾ. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണെങ്കിൽ പുതുവർഷത്തെ ചെലവാക്കലുകൾക്ക് അല്പം ശ്രദ്ധിക്കേണ്ടി വരും. പുതിയ നിയമങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ഇത് എന്തെല്ലാമാണെന്ന് നോക്കാം.
റിവാർഡ് റഡീം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിംപ്ലിക്ലിക്ക് കാര്‍ഡ് ഉടമകള്‍ക്കാണ് പുതിയ മാറ്റങ്ങൾ വരുന്നത്. വൗച്ചറുകളും റിവാര്‍ഡ് പോയിന്റുകളും സംബന്ധിച്ചാണ് പ്രധാനമായും മാറ്റങ്ങൾ. പുതുക്കിയ തീരുമാനങ്ങൾ 2023 ജനുവരി മുതലാണ് നടപ്പിലാക്കുക. നിശ്ചിത പരിധി കടന്നുള്ള ചെലവാക്കുകൾക്ക് നൽകിയിരുന്ന ക്ലീയർട്രിപ്പ് വൗച്ചർ (Cleartrip) ഒറ്റ ഇടപാടിൽ മാത്രമെ റഡീം ചെയ്യാൻ സാധിക്കുകയുള്ളൂ. മറ്റ് ഓഫറുകളുമായോ വൗച്ചറുകളുമായോ കൂട്ടിച്ചേർത്ത് ഉപയോഗിക്കാനും സാധിക്കില്ല. ഈ മാറ്റം ജനുവരി 6 മുതലാണ് നടപ്പിലാവുക.
ആമസോൺ റിവാർഡ്
ജനുവരി 1 മുതല്‍ ആമസോണ്‍ വഴിയുള്ള വാങ്ങലുകള്‍ക്കുള്ള റിവാര്‍ഡ് പോയിന്റിലും വ്യത്യാസം വരും. സിപ്ലിക്ലിക്ക്, സിപ്ലിക്ലിക്ക് അഡ്വാൻഡേജ് എസ്ബിഐ കാർഡ് ഉപയോഗിച്ച് ആമസോൺ (Amazon.in) വഴി നടത്തിയിരുന്ന ഓൺലൈൻ പർച്ചേസുകൾക്ക് നേരത്തെ 10X റിവാർഡ് പോയിന്റുകളാണ് ലഭിച്ചിരുന്നത്. ജനുവരി ഒന്നു മുതൽ 5X എന്ന തരത്തിലേക്ക് റിവാർഡ് പോയിന്റുകൾ ചുരുങ്ങും. ക്ലിയർ ട്രിപ്പ്, ഈസിഡൈനർ, ലെൻസ്കാർട്ട്, നെറ്റ്മെഡ്സ്, ബുക്ക്മൈഷോ എന്നിവയിലുള്ള ഇടപാടുകൾക്ക് 10X റിവാർഡ് പോയിന്റുകൾ ലഭിക്കുന്നത് തുടരും.
നിരക്കുകളിലും വർധനവ്
ഇതോടൊപ്പം എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കായി കൊണ്ടു വന്ന ചാർജുകളിലെ വ്യത്യാസങ്ങൾ പരിചയപ്പെടാം. 2022 നവംബര്‍ 15 മുതലാണ് ചാർജുകൾ പരിഷ്കരിച്ചത്. പ്രധാനമായും എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇഎംഐ ഇടപാടുകള്‍ക്കുള്ള നിരക്കുകളും വാടക പേയ്മെന്റുകളുടെ ചാർജുകളുമാണ് പുതുക്കിയത്. ഇഎംഐ ഇടപാടുകളുടെ പ്രോസസ്സിംഗ് ഫീസ് 199 രൂപയായാണ് വർധിപ്പിച്ചത്. ഇതിനൊപ്പം നികുതിയും നൽകണം. നേരത്തെ ഇത് 99 രൂപയായിരുന്നു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക അടയ്ക്കുമ്പോൾ ഇടപാടുകളുടെ പ്രോസസ്സിംഗ് ഫീസ് 99 രൂപയും ബാധകമായ നികുതികളും ചേർത്ത തുകയായിരിക്കും.
എസ്ബിഐ സിംപ്ലിക്ലിക്ക് കാര്‍ഡ്
എസ്ബിഐ സിംപ്ലിക്ലിക്ക് കാര്‍ഡ് ഉടമകൾക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങൾ നോക്കാം. 499 രൂപയാണ് എസ്ബിഐ സിംപ്ലിക്ലിക്ക് ക്രെഡിറ്റ് കാര്‍ഡ് വാര്‍ഷിക ഫീസായി ഈടാക്കുന്നത്. വാര്‍ഷിക ഫീസ് അടച്ച് കാര്‍ഡ് എടുക്കുന്നവര്‍ക്ക് 500 രൂപയുട ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് ലഭിക്കും. വര്‍ഷത്തില്‍ 1 ലക്ഷം രൂപ ചെലവാക്കുന്ന കാര്‍ഡ് ഉടമയ്ക്ക് 2000 രൂപയുടെ ക്ലീയര്‍ ട്രിപ്പ് ഇ-വൗച്ചര്‍ ലഭിക്കും. 500 രൂപയ്ക്കും 3000 രൂപയ്ക്കും ഇടയിലുള്ള ഇന്ധനം നിറയ്ക്കലിന് 1 ശതമാനം സര്‍ചാര്‍ജ് ഒഴിവാക്കും. പരമാവധി 100 രൂപയാണ് ലഭിക്കുക.
വര്‍ഷത്തില്‍ കാര്‍ഡ് പുതുക്കുന്നതിന് 499 രൂപ ആവശ്യമുണ്ട്. വര്‍ഷത്തില്‍ 1 ലക്ഷം രൂപ ചെലവാക്കുന്നൊരാളാണെങ്കില്‍ ഈ വര്‍ഷത്തെ റിന്യൂവല്‍ ചാര്‍ജ് ഒഴിവാക്കും. അപ്പോളോ, ക്ലിയർ ട്രിപ്പ്, ലെൻസ്കാർട്ട്, ബുക്ക്മൈഷോ, നെറ്റ്മെഡ്സ് എന്നിവയിൽ എസ്ബിഐ സിംപ്ലിക്ലിക്ക് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 10X റിവാർഡ് ലഭിക്കും. ഇതോടൊപ്പം മറ്റു ഓണ്‍ലൈന്‍ ചെലവാക്കലുകള്‍ക്ക് 5X റിവാര്‍ഡ് ലഭിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള മറ്റെല്ലാ ഇടപാടുകള്‍ക്കും 100 രൂപയ്ക്ക് 1 റിവാര്‍ഡ് പോയിന്റ് എന്ന തോതില്‍ ലഭിക്കും. 10X റിവാര്‍ഡ് പോയിന്റ് ലഭിക്കാന്‍ രൂപയില്‍ ഇടപാട് നടത്തണം.