CultureLIFE

അധസ്ഥിതര്‍ക്കായി പോരാട്ടം നയിച്ച, മലയാളത്തിലെ ആദ്യ ദളിത് നോവലിന്റെ രചയിതാവ് പോത്തേരി കുഞ്ഞമ്പു വക്കീലിന്റെ ഓര്‍മ ദിനം ഇന്ന്

‘സരസ്വതി വിജയം’ എന്ന മലയാളത്തിലെ ആദ്യ ദളിത് നോവലിന്റെ രചയിതാവ് പോത്തേരി കുഞ്ഞമ്പു വക്കീലി (1857 -1919) ന്റെ ഓര്‍മ ദിനം ഇന്ന്. ജാതീയമായ അടിച്ചമര്‍ത്തലിനെതിരായുള്ള നോവലായിരുന്നു സരസ്വതീ വിജയം. 1892-ലാണ് ഈ കൃതി പുറത്തുവന്നത്. സാഹിത്യ പ്രവര്‍ത്തനത്തിനു പുറമേ സാമൂഹിക തിന്‍മകള്‍ക്കെതിരായ പോരാട്ടത്തിലും കുഞ്ഞമ്പു വക്കീല്‍ സദാ രംഗത്തുണ്ടായിരുന്നു.

ദളിതനായ ഒരു യുവാവ് നമ്പൂതിരിയായ ജന്മിയുടെ ക്രൂരതകളില്‍നിന്ന് രക്ഷപ്പെടാന്‍ നാടുവിട്ട് പോകുന്നതാണു കഥ. ക്രിസ്തുമതം സ്വീകരിച്ച ആ യുവാവ് ആധുനിക വിദ്യാഭ്യാസം നേടി തിരിച്ചുവന്ന് കോടതിയില്‍ ജഡ്ജിയാവുന്നു. ദളിത് യുവാവിനെ ജന്മി കൊന്നതാണെന്നു കരുതിയ ഗ്രാമവാസികള്‍ കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്യുന്നു. വിചാരണയ്‌ക്കൊടുവില്‍ താനാണു ആ ദളിതന്‍ എന്ന സത്യം ജഡ്ജി വെളിപ്പെടുത്തുന്നു. കീഴാളരുടെ ഉന്നമനത്തിനു വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഈ നോവല്‍ പറയുന്നത്.

സാമൂഹികപരിഷ്‌കരണം, ദളിത് മുന്നേറ്റം എന്നിവ വിഷയമായ നോവല്‍ കുമാരനാശാന്റെ ‘ദുരവസ്ഥ’യ്ക്കും 30 വര്‍ഷം മുമ്പാണ് ഈ കൃതി വെളിച്ചം കണ്ടത്. ജാതീയത കൊടികുത്തിവാണിരുന്ന 19 ാം നൂറ്റാണ്ടിലാണ് നമ്പൂതിരി-പുലയ വിവാഹമെന്ന വിപ്ലവകരമായ ആശയം അദ്ദേഹം ഈ നോവലിലൂടെ ആവിഷ്‌കരിച്ചത്. കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരത്തിനും 13 വര്‍ഷം മുമ്പാണ് നോവലിലെ സ്മാര്‍ത്തവിചാരവും പുറന്തള്ളലുമെന്നതും ശ്രദ്ധേയമാണ്. കീഴാളവീക്ഷണത്തിലുള്ള ആദ്യ മലയാള നോവലും ‘സരസ്വതീവിജയ’മാണ്.

”പണ്ടെത്ര പുലയരെ ജീവനോടെ കിളങ്കാലില്‍ കിടത്തി കിളച്ചിട്ടുണ്ട്. എത്ര എണ്ണത്തിനെ ചളിയില്‍ ചവിട്ടി മുക്കീട്ടുണ്ട്. അതിനൊന്നും കുറ്റമുണ്ടായില്ലല്ലോ” എന്ന് രാമര്‍കുട്ടി നമ്പ്യാര്‍ക്ക് തടവുശിക്ഷ വിധിച്ചതറിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും കരഞ്ഞുകൊണ്ട് ഉരുവിട്ട വാക്കുകള്‍ അക്കാലത്ത് കീഴാളര്‍ നേരിട്ട അടിച്ചമര്‍ത്തലിന്റെ സാക്ഷിമൊഴിയാണ്.

കണ്ണൂരിനടുത്ത് പള്ളിക്കുന്നിലായിരുന്നു കുഞ്ഞമ്പുവിന്റെ ജനനം. പിതാവ് നടത്തിയിരുന്ന എഴുത്തുപള്ളിയിലെ പഠനത്തിനുശേഷം സംസ്‌കൃതത്തിലും മലയാളത്തിലും വിദ്യാഭ്യാസം നേടി. മെട്രിക്കുലേഷനുശേഷം മലപ്പുറത്ത് പോസ്റ്റ് മാസ്റ്ററായും തളിപ്പറമ്പില്‍ ഗുമസ്തനായും പ്രവര്‍ത്തിച്ചു. പിന്നീട് നിയമപരീക്ഷ പാസായി വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. നിയമത്തില്‍ ആഴത്തിലുള്ള അറിവും പ്രായോഗിക ജ്ഞാനവും അദ്ദേഹത്തെ മുന്‍നിരക്കാരനാക്കി.

ചിറക്കല്‍, അറക്കല്‍ രാജകുടുംബാംഗങ്ങളുടെ നിയമോപദേശകനായിരുന്നു. തന്റെ സമ്പത്ത് ദളിതരുടെയും താഴ്ന്ന ജാതിക്കാരുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി ചിലവഴിച്ച കുഞ്ഞമ്പു പുലയ ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി കണ്ണൂരില്‍ സ്‌കൂള്‍ സ്ഥാപിച്ചു. തന്റെ സഹോദരനെ അവിടെ അധ്യാപകനാക്കി. പുലയര്‍ക്കായി സ്‌കൂള്‍ പണിതതിന്റെ പേരില്‍ സവര്‍ണരും ഈഴവ സമുദായത്തില്‍പെട്ടവരും ‘പുലയന്‍ കുഞ്ഞമ്പു’വെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

കണ്ണൂര്‍ ബാങ്ക് എന്ന കമേഴ്‌സ്യല്‍ ബാങ്ക് സ്ഥാപിച്ചതും കുഞ്ഞമ്പുവാണ്. കണ്ണൂരിലെ ആദ്യത്തെ ബാങ്കായിരുന്നു ഇത്. നീണ്ടകാലം കണ്ണൂര്‍ നഗരസഭയുടെ ചെയര്‍മാനായിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് അദ്ദേഹം സ്ഥാപിച്ച എഡ്വേഡ് പ്രസ് എന്ന അച്ചടിശാലയില്‍ നിന്നാണ് അദ്ദേഹം രചിച്ച സരസ്വതീവിജയം, ഭഗവദ്ഗീതോപദേശം, തീയ്യര്‍, രാമകൃഷ്ണസംവാദം, രാമായണസാരശോധന, മൈത്രി എന്നീ പുസ്തകങ്ങള്‍ അച്ചടിച്ചത്. കേരള പത്രിക, കേരള സഞ്ചാരി, ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജാതിക്കെതിരേ ലേഖനങ്ങളെഴുതിയിട്ടുണ്ട്.

 

 

Back to top button
error: