തിരുവനന്തപുര: മേയർക്കെതിരായ നിയമനക്കത്ത് വിവാദം ആളിക്കത്തിക്കാൻ ബി.ജെ.പി, ജനുവരി ഏഴിന് തിരുവനന്തപുരത്ത് ഹര്‍ത്താലിന് ആഹ്വാനം. ആറിന് കോര്‍പ്പറേഷന്‍ വളയാനും പാർട്ടി തീരുമാനം. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ക്കു പട്ടിക ചോദിച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ കത്ത് നൽകിയെന്ന ആരോപണമാണ് വിവാദമായത്. കത്ത് വിവാദത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ജനുവരി ഏഴിന് കോര്‍പറേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ ബി.ജെ.പി ഹര്‍ത്താല്‍ നടത്തും. ജനുവരി ആറിന് ബി.ജെ.പി പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ വളയും.
നിയമന തട്ടിപ്പു വിവാദത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു. പ്രതിഷേധം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. മേയര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധത്തിലാണ്. അതേസമയം മേയര്‍ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സി.പി.എം നിലപാട്. കത്ത് വിവാദം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ വിശ്രമ മുറിയിലേക്ക് ജീവനക്കാരുടെ നിയമനത്തിന് ശുപാര്‍ശ ആവശ്യപ്പെട്ടുകൊണ്ടുള്ള നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഡി.ആര്‍ അനിലിന്റെ കത്തും പുറത്തായത് വിവാദമായിരുന്നു.അനില്‍ വനിതാ കൗണ്‍സിലര്‍മാരെ അവഹേളിച്ചുവെന്ന് ആരോപിച്ചും ബി.ജെ.പി പ്രക്ഷോഭത്തിലാണ്.