ആം ആദ്മി പാർട്ടി വൻ വിജയം നേടിയ ഡൽഹിയിൽ ഷെല്ലി ഒബ്രോയ് മേയറാകും. ഡൽഹി സർവകലാശാലയിലെ മുൻ പ്രഫസറായ ഷെല്ലി ഒബ്രോയ് ആണ് മേയർ സ്ഥാനാർഥി എന്ന് ആം ആദ്മി പാർട്ടി (എഎപി) പ്രഖ്യാപിച്ചു. ആദ്യമായി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഷെല്ലി, ബിജെപിയുടെ ശക്തികേന്ദ്രത്തിൽ നിന്നാണ് കൗൺസിലറായി വിജയിച്ചത്.
വനിതാ മേയർ വേണമെന്ന് എഎപി തീരുമാനിച്ചതോടെ ഷെല്ലി ഒബ്രോയ്ക്ക് നറുക്കുവീണു. ‘ഡൽഹിയെ ശുചീകരിക്കുക, തിളങ്ങുക എന്നതാണ് എന്റെ മുൻഗണന. ഞങ്ങൾ ഡൽഹിയെ സ്മാർട്ട് സിറ്റിയാക്കും.’
മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഷെല്ലി ഒബ്രോയ് മാധ്യമങ്ങളോടു പറഞ്ഞു. ആലെ മുഹമ്മദ് ഇക്ബാലാണ് ഡപ്യൂട്ടി മേയർ സ്ഥാനാർഥി. എഎപി നേതാവ് ശുഐബ് ഇക്ബാലിന്റെ മകനാണ് ഇക്ബാൽ. തിരഞ്ഞെടുപ്പിൽ 17000 ത്തിലധികം വോട്ടുകൾ നേടി ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം വിജയിച്ചത്
ഡിസംബർ 8നു നടന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ, 15 വർഷത്തെ ബിജെപി ആധിപത്യം അവസാനിപ്പിച്ചാണ് എഎപി ഭരണം നേടിയത്. 250 വാർഡുകളിൽ എഎപി 134 സീറ്റും ബിജെപി 104 സീറ്റും നേടി. കോൺഗ്രസിന് 9 സീറ്റ് ലഭിച്ചു. എഎപിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ മേയർ സ്ഥാനത്തേയ്ക്കു മത്സരിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചു.