കോഴഞ്ചേരി: പമ്പാനദിക്കു കുറുകെ കോഴഞ്ചേരിയില്‍ നിര്‍മാണം തടസപ്പെട്ടു കിടക്കുന്ന പുതിയ പാലം വീണ്ടും ടെന്‍ഡര്‍ ചെയ്തു. കരാറുകാരന്‍ സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാതിരിക്കുകയും നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുകയും ചെയ്ത സാഹചര്യത്തിലാണ് പാലം വീണ്ടും ടെന്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചത്. നിലവിലുണ്ടായിരുന്ന കരാറുകാരനെ നിയമാനുസൃതം നീക്കം ചെയ്തു. അതിനുശേഷം പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ രണ്ട് തവണ ടെന്‍ഡര്‍ ചെയ്തു. രണ്ട് തവണയും മാനദണ്ഡ പ്രകാരമുള്ള കരാറുകാരെ കിട്ടിയില്ല. ഇപ്പോള്‍ മൂന്നാമത്തെ തവണ വീണ്ടും പാലം ടെന്‍ഡര്‍ ചെയ്തിരിക്കുകയാണ്. ജനുവരി ഒമ്പതാണ് അവസാന തീയതി.
പാലത്തിന്റെ നിര്‍മാണത്തില്‍ സമയബന്ധിത നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴഞ്ചേരി പാലത്തിന്റെ നിർമാണം പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികള്‍ 20.58 കോടി രൂപയ്ക്കാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് ടെന്‍ഡര്‍ ചെയ്തത്. സ്ഥലമേറ്റെടുപ്പ് അവസാന ഘട്ടത്തിലാണ്. കെ.എസ്.ഇ.ബിയുടെ പ്രവൃത്തികളും പുരോഗമിക്കുകയാണ്. മാരാമണ്‍ കരയില്‍ ആറു പേരാണ് നിര്‍മാണത്തിനായി സ്ഥലം വിട്ടു നല്‍കിയത്. പാലത്തിന് 198.80 മീറ്റര്‍ നീളവും 7.5 മീറ്റര്‍ കാര്യേജ് വേ വീതിയും ഇരുവശങ്ങളിലുമായി 1.6 മീറ്റര്‍ വീതിയുള്ള നടപ്പാതയും അടക്കം 12 മീറ്റര്‍ വീതിയാണുള്ളത്. നിലവിലെ പാലത്തിനു സമാനമായ രീതിയില്‍ ആര്‍ച്ചുകളോടെയാണ് പുതിയ പാലവും നിര്‍മിക്കുക. തോട്ടപ്പുഴശേരി ഭാഗത്ത് 344 മീറ്റര്‍ നീളത്തിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റര്‍ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിര്‍മിക്കുന്നത്. പഴയ കോഴഞ്ചേരി പാലത്തിന് 5.5 മീറ്റര്‍ കാര്യേജ് വേ വീതിയാണുള്ളത്. 1948ല്‍ നിര്‍മിച്ച കോഴഞ്ചേരി പാലത്തിന്റെ ഇരുവശത്തേക്കുമുള്ള സുഗമമായ ഗതാഗതത്തിന് ഈ പാലം അപര്യാപ്തമായിരുന്നു. പാലത്തിന്റെ ഇരുവശത്തുമുള്ള അപ്രോച്ച് റോഡ്, ആധുനിക സാങ്കേതിക വിദ്യ പയോഗിച്ച് ബി.എം ബി.സി പ്രവൃത്തികളും സംരക്ഷണഭിത്തിയും ഉള്‍പ്പെടുത്തിയാണ് നിര്‍മിക്കുന്നത്.