കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. അമ്പലവയൽ പൊൻമുടി കോട്ടയിലാണ് വീണ്ടും കടുവയെ കണ്ടത്. കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമായി പൊൻമുടി കോട്ടയിൽ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ദിവസങ്ങൾക്ക് മുൻപ് വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണിത്. മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചാൽ കൂടും നിരീക്ഷണ ക്യാമറകളും ഒരുക്കുമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി പൂമല കരടിമൂലയിൽ കടുവയുടെ ആക്രമണം ഉണ്ടായിരുന്നു. നാല് ആടുകൾക്കാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പ്രദേശവാസിയായ പറമ്പത്ത് രാമകൃഷ്ണന്റെ മൂന്ന് ആടുകളെയും, പൂമല ചെറുപുഷ്പഗിരി ഫ്രാൻസിസിന്റെ ഒരു ആടിനെയുമാണ് കടുവ ആക്രമിച്ചത്.മേപ്പാടിയിൽ നിന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയുടെ കാൽപ്പാടുകൾ തിരിച്ചറിഞ്ഞു. എന്നാല്‍ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
പരിക്കേറ്റ ആടുകളെ മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പ്രദേശത്ത് അടുത്തിടെയായി കടുവയുടെ ആക്രമണം തുടരെ തുടരെ ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമ്പലവയൽ പൊൻമുടി കോട്ടയില്‍ വീണ്ടും കടുവയെ കണ്ടത്. വന്യമൃഗങ്ങളുടെ ശല്യത്താൽ പൊറുതി മുട്ടിയ വയനാട്ടുകാര്‍ക്ക് കടുവയുടെ ആക്രമണം തീരാ തലവേദനയായി മാറിയിരിക്കുകയാണ്.