കൊച്ചി: കോടതി ഉത്തരവുണ്ടായിട്ടും താരങ്ങൾക്ക് അടിസ്ഥാനസൗകര്യങ്ങൾ നൽകാത്ത ദേശീയ അസോസിയേഷനെതിരെ കേരള സൈക്കിൾ പോളോ അസോസിയേഷൻ നിയമ നടപടിക്ക്. ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനിടെ പത്തുവയസുകാരി മരിച്ച സംഭവത്തിനു പിന്നാലെയാണ് കേരള അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുന്നത്. കുട്ടികൾ അനുഭവിച്ച ദുരിതങ്ങൾ ഹൈകോടതിയെ അറിയിക്കും. താമസ ഭക്ഷണ സൗകര്യങ്ങളൊന്നും കിട്ടാത്തതിനാൽ താത്കാലിക കേന്ദ്രത്തിലായിരുന്നു കേരളത്തിന്‍റെ കുട്ടികൾ കഴിഞ്ഞിരുന്നത്.
നിദ ഫാത്തിമയടക്കം കേരള സൈക്കിൾ പോളോ അസോസിയേഷന്‍റെ 24 താരങ്ങൾ നാഗ്‍പൂരിലെത്തിയത് കേരള സ്പോട്സ് കൗൺസിലിന്‍റെ അംഗീകാരത്തിലും സാമ്പത്തിക സഹായത്തിലുമാണ്. എന്നാൽ സൈക്കിൾപോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളത് സൈക്കിൾ ഫോളോ അസോസിയേഷൻ ഓഫ് കേരളയ്ക്ക്. ചുരുക്കത്തിൽ രണ്ട് അസോസിയേഷനുകൾക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള രണ്ട് ടീം നാഗ്‍പൂരിലെത്തിയിരുന്നു. കേരള സൈക്കിൾപോളോ അസോസിയേഷൻ താരങ്ങൾക്ക് മത്സരിക്കാൻ അനുമതി കിട്ടിയത് ഹൈക്കോടതി വിധിയിലൂടെയാണ്. സ്‍പോട്സ് കൗൺസിലിന്‍റെ അംഗീകാരമുള്ള താരങ്ങൾക്ക് മത്സരിക്കാൻ എല്ലാവര്‍ഷവും കോടതി വിധി വേണം. 2013 മുതൽ ഇതാണ് അവസ്ഥ.