കൊച്ചി: ബേക്കറിയിലെത്തിയ 13 വയസുകാരിയെ കയറിപ്പിടിച്ച കടയുടമ പോക്സോ കേസില്‍ അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. ചേരാനെല്ലൂര്‍ വിഷ്ണുപുരം ജങ്ഷനില്‍ ബുധനാഴ്ചയാണ് സംഭവം.
ചേരാനെല്ലൂര്‍ വിഷ്ണുപുരം വേണാട്ട് ഹൗസില്‍ കണ്ണന് എന്ന ബാബുരാജിനെയാണ് (51) പോക്സോ കേസില്‍ ചേരാനെല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് നാലോടെ ബേക്കറിയിലെത്തിയ പെണ്‍കുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സ്ഥലത്തുനിന്നു രക്ഷപ്പെട്ടു വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം വീട്ടില്‍ അറിയിച്ചു. ഇതോടെ രോഷാകുലനായി പിതാവ് കടയിലെത്തുകയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് ഇദ്ദേഹം കടയ്ക്കു തീ ഇട്ടത്. കട ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. അറസ്റ്റിലായ രണ്ടു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.