തൃശൂര്‍: സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് കേരള കലാമണ്ഡലം, ജീവനക്കാരുടെ ശമ്പളം മുടങ്ങി, സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യം ശക്തമായി. ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം ഇനിയും നല്‍കില്ല. വിദ്യാര്‍ഥികളുടെ ഗ്രാന്റും മുടങ്ങി. ജീവനക്കാര്‍ക്ക് ശമ്പളം ഇനിയും നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിഷേധവും ശക്തമായി.123 സ്ഥിരം ജീവനക്കാരും 171 താല്‍ക്കാലിക ജീവനക്കാരും 600 വിദ്യാര്‍ഥികളുമാണ് ഇവിടെയുള്ളത്.
സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റില്‍ നിന്നാണ് ശമ്പളം ഉള്‍പ്പടെ ചെലവുകള്‍ നടക്കുക. പ്രതിമാസം 75 ലക്ഷം രൂപയാണ് ശമ്പളത്തിന് മാത്രം വേണ്ടത്. മിക്ക മാസങ്ങളിലും 10 -ാം തീയതിയോടെയാണ് ശമ്പളം നല്‍കുന്നത്. ഇക്കുറി അതുമുണ്ടായില്ല. ജിവിതച്ചെലവിന് എന്ത് ചെയ്യുമെന്ന് ചോദിക്കുകയാണ് ജീവനക്കാര്‍. കലാമണ്ഡലത്തിന് പ്രതിവര്‍ഷം സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്‍ഡ് 10 കോടി രൂപയില്‍ താഴെയാണ്. 14 കോടി രൂപയായി ഗ്രാന്‍ഡ് ഉയര്‍ത്താതെ കലാമണ്ഡലത്തിലെ സാമ്പത്തിക പ്രതിസന്ധി തീരില്ല. ഇതോടൊപ്പമാണ് വിദ്യാര്‍ഥികളുടെ സ്‌റ്റൈപന്റ് കുടിശികയുള്ളത്. യു.ജി.സിയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും ശമ്പളപരിഷ്‌കരണ കുടിശികയും ബാക്കിയാണ്. ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍, ആര്‍ട് സ്‌കൂള്‍ അധ്യാപകര്‍ എന്നിവരുടെ തസ്തിക സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.