NEWSWorld

നാളെ മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം

ഡിസംബർ 24 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. ആരോഗ്യ മന്ത്രാലയം ഇക്കാര്യങ്ങൾ സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിനു മാർഗനിർദ്ദേശങ്ങൾ നൽകി. വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കാനും നിർദ്ദേശമുണ്ട്. ആഗോള തലത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

നാളെ മുതൽ രാജ്യന്തരവിമാനങ്ങളിലെ രണ്ടു ശതമാനം യാത്രക്കാരെയാണ് കോവിഡ് പരിശോധനക്ക് വിധേയമാക്കുക. വിമാന കമ്പനിയാണ് പരിശോധനയ്ക്കു വിധേയമാക്കേണ്ടവരെ തിര‍ഞ്ഞെടുത്തു നൽകുക. വരും ദിവസങ്ങളിൽ ആവശ്യമെങ്കിൽ വിദേശത്ത് നിന്നെത്തുന്നവർക്കെല്ലാം പരിശോധന നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.

യാത്രക്കാർക്ക്, നാംപിൾ നൽകിയാൽ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാം. രോഗം സ്ഥിരീകരിച്ചാൽ സാംപിൾ ജനിതക ശ്രേണീകരണത്തിന് അയയ്ക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഇക്കാര്യങ്ങൾ അടങ്ങിയ കത്ത് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യോമയാന സെക്രട്ടി രാജീവ് ബൻസലിന് അയച്ചു. രാജ്യാന്തര യാത്ര നടത്തുന്നവർ കോവി‍ഡ് വാക്സീൻ എടുത്തിരിക്കണം. യാത്രയ്ക്കിടെ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ റദ്ദാക്കില്ല. ചൈനയിൽ കോവിഡ് കുതിച്ചുയരാൻ കാരണമായ ഒമിക്രോൺ ഉപവകഭേദമായ ബിഎഫ് 7 കേസുകൾ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മാസ്ക് നിർബന്ധമാക്കണമെന്നും വിവാഹങ്ങൾ, മറ്റ് ആഘോഷങ്ങൾ, രാഷ്ട്രീയ കൂട്ടായ്മകൾ തുടങ്ങിയ ഒത്തുചേരലുകൾ നിയന്ത്രിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു.

വിദേശ യാത്രയുമായി ബന്ധപ്പെട്ട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ

എല്ലാ യാത്രക്കാരും അവരുടെ രാജ്യത്ത് കോവിഡിനെതിരായ വാക്സിനേഷന്റെ അംഗീകൃത ഷെഡ്യൂൾ പ്രകാരം വാക്സിനേഷൻ എടുത്തിരിക്കണം.

കോവിഡിനെതിരെ പിന്തുടരേണ്ട മുൻകരുതൽ നടപടികൾ (മാസ്‌കുകളുടെ ഉപയോഗം, അകലം പാലിക്കുന്നത് തുടങ്ങിയവ) സംബന്ധിച്ച അറിയിപ്പ് ഫ്ലൈറ്റുകളിലും യാത്രകളിലും എല്ലാ പ്രവേശന കവാടങ്ങളിലും ഉറപ്പാക്കണം.

യാത്രാവേളയിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന എല്ലാ യാത്രക്കാരനെയും നിശ്ചിത കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഐസൊലേഷന് വിധേയമാക്കണം. ഈ യാത്രക്കാരെ നിർബന്ധമായും മാസ്ക് ധരിപ്പിക്കണം. വിമാനത്തിലോ യാത്രയിലോ സഹയാത്രക്കാരിൽ നിന്ന് ഐസൊലേറ്റ് ചെയ്യണം. യാത്രാനന്തരം തുടർ ചികിത്സയ്ക്കായി ഐസൊലേഷൻ സൗകര്യത്തിലേക്ക് മാറ്റണം.

ശാരീരിക അകലം ഉറപ്പാക്കി വേണം വിമാനങ്ങളിൽ നിന്നും മറ്റും യാത്രക്കാരെ പുറത്തിറക്കേണ്ടത്.

എല്ലാ യാത്രക്കാരുടെയും തെർമൽ സ്ക്രീനിങ് അതാത് സ്ഥലത്ത് നിയോഗിച്ച ആരോഗ്യ ഉദ്യോഗസ്ഥർ ഉറപ്പാക്കണം. തെർമൽ സ്‌ക്രീനിങ് വേളയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്ന യാത്രക്കാരെ ഉടൻ തന്നെ ഐസൊലേറ്റ് ചെയ്യണം. ഇവരെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചികിൽസ ഉറപ്പാക്കണം.

Back to top button
error: