കാബേജിലെ ഗുണങ്ങൾ കാണാതെ പോകരുത്, പോഷകസമൃദ്ധം; കാന്‍സർ ഉൾപ്പടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നു
ഇലക്കറി വിഭാഗത്തിലെ പ്രധാന പച്ചക്കറിയാണ് കാബേജ്. അടുക്കളയിലെ ഏറ്റവും സുപരിചിത ഭക്ഷ്യവസ്തുവായ കാബേജ് സ്വാധിഷ്ടമാണ്. മാത്രമല്ല മറ്റ് പച്ചക്കറി ഇനങ്ങളെ അപേക്ഷിച്ച് പൊതുവെ വിലക്കുറവുമാണ്. നാരുകള്‍, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി കാബേജിലെ പൊഷകഗുണങ്ങളും രോഗപ്രതിരോധ ശേഷിയും ആരോഗ്യ വിദഗ്ധർ അക്കമിട്ടു പറയുന്നു. വിറ്റാമിനുകള്‍ എ, കെ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് കാബേജ്. കാബേജ് പോലുള്ള പച്ച ഇലക്കറികള്‍ കഴിക്കുന്നത് ശൈത്യകാലത്ത് വളരെ ഗുണം ചെയ്യും. കൂടാതെ സസ്യാഹാരങ്ങളുടെ ഉപഭോഗം വര്‍ദ്ധിക്കുന്നത് പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കാബേജില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ അടങ്ങിയ സള്‍ഫൊറാഫെയ്ന്‍ എന്ന സംയുക്തം കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. കാന്‍സര്‍ കോശങ്ങളുടെ പുരോഗതിയെ സള്‍ഫോറാഫെയ്ന്‍ തടയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചുവന്ന കാബേജിന് ആ നിറം നല്‍കാന്‍ സഹായിക്കുന്ന ആന്തോസയാനിന്‍ കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ഇതിനോടകം രൂപപ്പെട്ട കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളതുമാണ്. കാബേജില്‍ പലതരം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അവ വിട്ടുമാറാത്ത വീക്കം കുറയ്ക്കുമെന്ന് സൂചിപ്പിക്കുന്നു.
വൈറ്റമിന്‍ കെ, അയോഡിന്‍, ആന്തോസയാനിന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ കാബേജില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ വികാസത്തെ സഹായിക്കുന്നതാണ്. പഠനങ്ങള്‍ അനുസരിച്ച് കാബേജ് പോലുള്ള പച്ചക്കറികള്‍ അല്‍ഷിമേഴ്സ് രോഗികളുടെ തലച്ചോറില്‍ കാണപ്പെടുന്ന ചീത്ത പ്രോട്ടീനുകളുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ പൊട്ടാസ്യം സഹായിക്കുന്നു. കാബേജ് പോലെ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.
ചെറിയ ഒരു തണ്ടിനുമുകളിലായി ഇലകൾ ഗോളാകൃതിയിൽ അടഞ്ഞ് ഇരിക്കുന്നതാണ് കാബേജിന്റെ രൂപം. പച്ച നിറമാണ് കാബേജിന്. എന്നാൽ ചുവപ്പും പർപ്പിളും നിറങ്ങളിൽ കാബേജ് കാണപ്പെടുന്നു.