തണുപ്പുകാലമാണ്, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന രോഗങ്ങൾ തടയാനും ആരോഗ്യ സംരക്ഷണത്തിനും ഈ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ മറക്കരുത്
ഡിസംബറാണ്. മഞ്ഞു പെയ്യുന്ന തണുപ്പുകാലം. കാലാവസ്ഥയിലെ മാറ്റം ഓരോരുത്തരുടെയും ആരോഗ്യത്തിലും പ്രതിഫലിച്ചു തുടങ്ങും. കാലാവസ്ഥാവ്യതിയാനം പനി, ചുമ, ജലദോഷം എന്നീ രോഗങ്ങൾക്ക് കാരണമായേക്കാം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും രോഗങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനും ഭക്ഷണത്തില്‍ ഉൾപ്പെടുത്തേണ്ട പോഷകങ്ങള്‍ പരിചയപ്പെടുത്താം.
അയണ്‍ അന്തരീക്ഷ താപനില കുറയുമ്പോള്‍. ശരീരത്തിന്റെ താപനില ക്രമീകരിക്കാൻ സഹായിക്കുന്നു. കൂടാതെ, ചര്‍മം, മുടി, കോശങ്ങള്‍ എന്നിവയുടെ വളര്‍ച്ചയും ആരോഗ്യവും സംരക്ഷിക്കുകയും ഹീമോഗ്ലോബിന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു അയണ്‍.
തേന്‍, ഇറച്ചി, പച്ച ഇലക്കറികള്‍, ഡ്രൈഫ്രൂട്‌സ്, വിത്തുകള്‍, ബീറ്റ്‌റൂട്ട്, മാതളം എന്നിവയിലെല്ലാം അയണ്‍ കൂടുതലായി അടങ്ങിയിരിക്കുന്നു.
കാല്‍സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ബലത്തിനും അത്യന്താപേക്ഷിത ഘടകമാണ്. കുട്ടികളുടെ ആരോഗ്യപൂര്‍ണമായ വളര്‍ച്ചയ്ക്കും കാല്‍സ്യം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദയം, പേശികള്‍, നാഡികള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിന് കാല്‍സ്യം ഏറെ ആവശ്യമാണ്.
പച്ചനിറമുള്ള ഇലക്കറികള്‍, പാൽ പാലുത്പന്നങ്ങൾ, ഇറച്ചി, ഡ്രൈ ഫ്രൂട്‌സ്, സോയ ഉത്പന്നങ്ങള്‍ എന്നിവയിലെല്ലാം കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്നു.
സിങ്ക് ജലദോഷം പോലുള്ള അസുഖങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്നു. മുറിവുകള്‍ ഉണക്കുന്നതിനും കുട്ടികളുടെ വളര്‍ച്ചയ്ക്കും വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സിങ്ക് അടങ്ങിയ ആഹാരങ്ങള്‍ സഹായിക്കും.
മുട്ട, ഇറച്ചി, കടല്‍വിഭവങ്ങള്‍, ടോഫു, പയര്‍ വര്‍ഗങ്ങള്‍ എന്നിവയിലെല്ലാം സിങ്ക് കൂടുതലായി അടങ്ങിയിരിക്കുന്നു.
ഫോളിക് ആസിഡ് കോശങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിത ഘടകമാണ്. ഗര്‍ഭിണികള്‍ക്കും ഗര്‍ഭിണിയാകാന്‍ കാത്തിരിക്കുന്നവര്‍ക്കും ഫോളിക് ആസിഡ് ഏറെ ആവശ്യമുള്ള പോഷകമാണ്.
ചീരയില, ബീറ്റ്‌റൂട്ട്, ബ്രൊക്കോളി, ഓറഞ്ച്, വാഴപ്പഴം, മുട്ട എന്നിവയാണ് ഫോളിക് ആസിഡിന്റെ പ്രധാന സ്രോതസ്സുകള്‍.
വിറ്റാമിന്‍ സി ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമാണ്. സ്ട്രസ് പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിരിക്കുന്നു. ചുമ, ജലദോഷം തുടങ്ങി കലാവസ്ഥാ മാറ്റം മൂലമുള്ള അസുഖങ്ങള്‍ തടയുന്നതില്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. ചെറുചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിറ്റാമിന്‍ സിയുടെ അളവ് വര്‍ധിപ്പിക്കും.
കാരറ്റ്, ബീറ്റ്‌റൂട്ട്, സിട്രസ് പഴങ്ങള്‍, ഇലക്കറികള്‍, തക്കാളി, കിവി തുടങ്ങിയവയില്‍ വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിരിക്കുന്നു