കോഴിക്കോട്: അധ്യാപികയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഗോത്ര വർഗ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറെ നീക്കി. കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന വയനാട്ടിലെ ഗോത്ര വർഗ പഠന ഗവേഷണ കേന്ദ്രമായ ചെതലയം ഐടിഎസ്ആറിലെ ഡയറക്ടര്‍. ഡോ. ടി വസുമതിയെ ആണ് സ്ഥാനത്ത് നിന്ന് നീക്കിയത്. അസി. പ്രൊഫസർ സി. ഹരികുമാറിനാണ് പകരം ചുമതല.
കഴിഞ്ഞ ജൂലൈയിലാണ് അധ്യാപിക ഡയറക്ടർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സര്‍വ്വകലാശാല വൈസ് ചാൻസലറിനും പരാതി നൽകിയത്. തന്നോട് ഡയറക്ടര്‍ മോശമായി പെരുമാറിയെന്നായിരുന്നു അധ്യാപികയുടെ പരാതി. തുടർന്ന് പരാതി പരിശോധിക്കാന്‍ സര്‍വ്വകലാശാല അന്വേഷണ സമതിയെ നിയോഗിച്ചു. അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ക്കതിരെ നടപടി സ്വീകരിച്ചത്. ഇടതുപക്ഷ അനുകൂല സംഘടനയായ കാലിക്കറ്റ് സര്‍വ്വകലാശാല ടീച്ചേഴ്സ് അസോസിയേഷന്‍റെ പ്രസിഡന്‍റാണ് ഡോ. ടി വസുമതി.
അവധിയിയെടുത്ത ദിവസം രജിസ്റ്ററിൽ ഒപ്പിട്ടത് ചൂണ്ടിക്കാട്ടിയതിനാണ് അധ്യാപിക പരാതിയുമായി രംഗത്തെത്തിയതെന്നാണ് നടപടി നേരിട്ട വസുമതിയുടെ ആരോപണം. റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടിസ്ഥാന രഹിതമാണെന്ന് തെളിയുക്കുമെന്നും ഡോ. ടി വസുമതി വ്യക്തമാക്കി.