മഥുര: അല്ലു അർജുൻ ചിത്രമായ ‘പുഷ്പ’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രക്ത ചന്ദനക്കടത്ത് നടത്തിയ സംഘം ഉത്തർ പ്രദേശിൽ പിടിയിൽ. മഥുര കേന്ദ്രമായി പ്രവർത്തിച്ച ഏഴു പേരടങ്ങുന്ന സംഘത്തെയാണ് പ്രത്യേക ദൗത്യ സേന അറസ്റ്റ് ചെയ്തത്. വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക അന്വഷണ സംഘം നടത്തിയ ഓപ്പറേഷനിലാണ് സിനിമാ സ്‌റ്റൈലിൽ കള്ളക്കടത്ത് നടത്തുന്ന സംഘം പിടിയിലായത്. ഓപ്പറേഷനിൽ ഇവരിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന 563 കിലോഗ്രാം രക്ത ചന്ദനം കണ്ടെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രമായ ‘പുഷ്പ’യിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രക്തചന്ദന കടത്ത് തുടങ്ങിയതെന്ന് പിടിയിലായ പ്രതികൾ പറഞ്ഞതായി പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ആന്ധ്രപ്രദേശിൽ നിന്നും അനധികൃതമായി രക്ത ചന്ദനം മഥുരയിൽ എത്തിച്ച് അവിടെനിന്നും വിവിധ സ്ഥലങ്ങളിൽ എത്തിക്കുകയായിരുന്നു ഈ സംഘം. ഇതിനായി ഒരു വലിയ ശൃംഖല തന്നെയാണ് ഇവർ സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഹൈവേ പോലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏഴു പേരടങ്ങുന്ന സംഘത്തെ പിടികൂടിയതെന്നാണ് വിവരം. സുമിത് എന്ന റാം, ബാബു എന്ന ചന്ദ്ര പ്രതാപ്, ദൽവീർ എന്ന ദീപക്, അജിത് കുമാർ യാദവ്, സുമിത് ദാസ്, ജിതേന്ദ്ര, രഞ്ജിത് എന്നിവരാണ് പോലീസിന്റെ വലയിൽ കുടുങ്ങിയ ചന്ദന കള്ളക്കടത്ത് സംഘാംഗങ്ങൾ. ഇതിൽ സുമിത് റാം എം ബി എ ബിരുദധാരിയാണെന്ന് പി കെ ബി ന്യൂസ് റിപ്പോർട്ട് ചെയ്തു. എംബിഎ കഴിഞ്ഞിട്ടും നല്ല ജോലി കിട്ടാത്തതിൽ നിരാശനായ ഇയാൾ പുഷ്പ സിനിമ കണ്ടശേഷം, ചന്ദനക്കടത്തിലേക്ക് തിരിയുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ആന്ധ്രപ്രദേശിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന ചന്ദന തടികൾ മഥുരയിൽ മരവ്യാപാര ലൈസൻസ് ഉള്ള റാണ എന്നയാളുടെ തടി ഫാക്ടറിയിൽ ആയിരുന്നു ഇവർ സൂക്ഷിച്ചിരുന്നത്. ആവശ്യാനുസരണം ഇവിടെ നിന്നും സ്ഥലങ്ങളിലേക്ക് ഇവർ ചന്ദനത്തടികൾ എത്തിക്കുകയായിരുന്നു.