തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാരുടെ ‘ട്രേഡ്മാര്‍ക്ക്’ പദാവലികള്‍ ഉപയോഗിക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ വോട്ടര്‍മാരെ സ്വാധീനിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടി ഓഫീസുകളെ കാര്യാലയമെന്നും കേഡര്‍മാരെ പ്രവര്‍ത്തകരെന്നും വിശേഷിപ്പിക്കണമെന്നാണ് പുതിയ നിര്‍ദേശം. മാത്രമല്ല കുത്തക, സ്ക്വാഡ്, സാമ്രാജ്യത്വം, മുതലാളിത്തം, നവ ലിബറല്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശം വ്യക്തമാക്കുന്നു.
പ്രസംഗത്തിലും ഭാവത്തിലും കമ്മ്യൂണിസ്റ്റ് നേതാക്കളെ അനുകരിക്കുന്ന രീതി അവസാനിപ്പിക്കണം. സമ്മേളനങ്ങളുടെയും ക്യാംപെയിനുകളുടെയും പോസ്റ്ററുകളില്‍ മുഷ്ടിചുരുട്ടിയ മനുഷ്യരുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുത്. പൊതുപരിപാടികളുടെ വേദികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനവേദികളുമായി സാമ്യമുള്ള രീതിയില്‍ അലങ്കരിക്കരുത് എന്നിങ്ങനെയാണ് ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ് കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന മറ്റു നിര്‍ദേശങ്ങള്‍.
പാര്‍ട്ടി അച്ചടക്കം, കുലംകുത്തി, ബദല്‍ രേഖ, എതിരാളികള്‍, പരിപ്രേക്ഷ്യം, ജാഗ്രത തുടങ്ങിയ വാക്കുകള്‍ക്കും വിലക്കുണ്ട്. ‘പുട്ടിന് തേങ്ങാപ്പീര’ കണക്കെ കമ്മ്യൂണിസ്റ്റ് പാര്ട്ടിക്കാര് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വാക്കുകള്‍ ഉപേക്ഷിക്കുന്നതിലൂടെ ഇടത് വിരുദ്ധ വോട്ടുകള്‍ സ്വാധീനിക്കാമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍െ്റ കണക്കുകൂട്ടല്‍.