പദ്ധതിയുടെ രണ്ടാം വർഷത്തിൽ അന്തഃസംസ്ഥാന യാത്രകൾ ഒരുക്കാനാണ് ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷ്യം.
കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര യാത്രയൊരുക്കുന്നതിന് കെ.എസ്.ആർ.ടി.സി. തുടങ്ങിയ ബജറ്റ് ടൂറിസം പദ്ധതി ഒരുവർഷം പിന്നിടുമ്പോൾ കൈവരിച്ചത് മികച്ച വരുമാനനേട്ടം. ഒരു വർഷം കൊണ്ട് 10.45 കോടി രൂപയാണ് കോർപറേഷൻ പെട്ടിയിലാക്കിയത്. ടിക്കറ്റിതര വരുമാനയിനത്തിൽ ഇത്രയധികം ലാഭം നൽകിയ മറ്റൊരു പദ്ധതിയില്ല. 2021 നവംബറിലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ രൂപവത്കരിച്ചത്. 2021 നവംബർ മുതൽ 2022 ഒക്ടോബർവരെയുള്ള ഒരുവർഷത്തിനിടയിൽ 10,45,06,355 രൂപയാണ് പദ്ധതിവഴി ലഭിച്ചത്.
നിലവിൽ തിരഞ്ഞെടുത്ത 22സ്ഥലങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി. വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. അതിൽ മൂന്നാർ ട്രിപ്പുകൾക്കാണ് സഞ്ചാരികളേറെയും. ഏറ്റവുമധികം യാത്രക്കാർ വരുന്നതും മൂന്നാറിലേക്കാണ്. 10 ജില്ലകളിൽ നിന്ന് അവിടേക്ക് യാത്ര ഒരുക്കുന്നുണ്ട്. തൊട്ടുപിന്നിൽ കൊച്ചിയിലെ ആഡംബര കപ്പലിലേക്കുള്ള യാത്രയ്ക്കാണ് (നെഫർ ടിറ്റി പാക്കേജ്) സഞ്ചാരികളേറെയുള്ളത്. മലക്കപ്പാറ സർവീസുകളാണ് വരുമാനത്തിൽ മൂന്നാമതുള്ളത്. ജംഗിൾ സഫാരി, നാലമ്പലം, വാഗമൺ, വയനാട് പാക്കേജുകളാണ് തൊട്ടുപിന്നിലായുള്ളത്. കുമരകം, പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ, നെല്ലിയാമ്പതി, ആലപ്പുഴ, മൺഡ്രോ തുരുത്ത് സർവീസ് തുടങ്ങിയവയ്ക്കും സഞ്ചാരികളുണ്ട്. കഴിഞ്ഞ മാസം തുടങ്ങിയ ഗവി ട്രിപ്പുകൾക്കും നല്ല സ്വീകാര്യതയാണുള്ളത്.