അര്‍ജന്റീന-ഫ്രാന്‍സ് പോരാട്ടത്തോട് കൂടി ഖത്തര്‍ ലോകകപ്പ് കൊടിയിറങ്ങുകയാണ്. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ 29 ദിവസം നീണ്ട ആഘോഷങ്ങള്‍ക്ക് കൂടിയാണ് ഇതോടെ അവസാനമാകുന്നത്. എന്നാല്‍, അടുത്ത ലോകകപ്പിനായി നാലു വര്‍ഷം കാത്തിരിക്കേണ്ട. 2025 മുതല്‍ ക്ലബ് ലോകകപ്പ് നടത്തുമെന്ന പ്രഖ്യാപനവുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ.
2025 മുതല്‍ 32 ടീമുകളെ ഉള്‍പ്പെടുത്തി ഒരു മാസക്കാലം നീണ്ട ക്ലബ് ലോകകപ്പ് നടത്തുമെന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് ഇന്‍ഫാന്റിനോ. ഖത്തര്‍ ലോകകപ്പിന്റെ സമാപനത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. എല്ലാ നാല് വര്‍ഷം കൂടുമ്പോഴും 32 ടീമുകളെ പങ്കെടുപ്പിച്ച് ക്ലബ്ബ് ലോകകപ്പ് നടത്തും. ആദ്യ പതിപ്പ് 2025 വേനല്‍ക്കാലത്ത് നടത്തുമെന്നും അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. 2021ല്‍ 24 ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്റ് നടത്താനിരുന്നു മുന്‍പ് പദ്ധതിയെങ്കിലും കോവിഡ് മൂലം നടന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ലോകകപ്പില്‍ നിന്നായി 7.5 ബില്യണ്‍ ഡോളറിന്റെ വരുമാനം ലഭിച്ചെന്നും ഇന്‍ഫാന്റിനോ അറിയിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഒരു ബില്യണ്‍ അധികമാണിത്. 2026ല്‍ 48 ടീമുകളാക്കി ഉയര്‍ത്തുന്നതുവഴി അടുത്ത തവണ കൂടുതല്‍ വരുമാനം ഉണ്ടാകും. കൂടാതെ വരുമാനത്തിന്റെ ഒരു വിഹിതം ഖത്തറില്‍ ലോകകപ്പ് ഒരുക്കങ്ങള്‍ക്കിടയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.