തിരുവനന്തപുരം: ”അയ്യോ എന്നെ കൊല്ലാന്‍ വരുന്നേയെന്നും രക്ഷിക്കണേയെന്നും സ്ത്രീ അലറിവിളിച്ചു. വാഹനാപകടം ആണെന്നു കരുതി പുറത്തിറങ്ങി നോക്കിയപ്പോള്‍ കണ്ടത് വാക്കത്തിയുമായി ഒരാള്‍ ഓടിയെത്തി സ്ത്രീയെ കഴുത്തില്‍ വെട്ടുന്നത്. സ്ത്രീ അലറിക്കരഞ്ഞു. തനിക്ക് ഒന്നും ചെയ്യാനാവാത്ത സാഹചര്യമായിരുന്നു…” അരുംകൊല കണ്‍മുന്നില്‍ കണ്ടതിന്റെ നടുക്കം ബേബി ജോര്‍ജില്‍ നിന്നു വിട്ടുമാറിയിട്ടില്ല. പേരൂര്‍ക്കട വഴയില സ്വദേശിയായ ബേബി ജോര്‍ജിന്റെ വീടിനു മുന്നിലാണ് നന്ദിയോട് സ്വദേശിനി സിന്ധു (50) വെട്ടേറ്റു മരിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന വഴയില സ്വദേശി രാജേഷ് (46) ആണ് കൃത്യം നടത്തിയത്.
വെട്ടേറ്റ സ്ത്രീ ”രക്ഷിക്കണേ, രക്ഷിക്കണേ” എന്ന് അലറിക്കരഞ്ഞു. താന്‍ റോഡിലേക്ക് ഓടിയിറങ്ങി അതുവഴി വന്ന വാഹനം നിര്‍ത്തിച്ചു. സ്ത്രീയെ സഹായിക്കണം എന്നു വാഹനയാത്രികരോടു ആവശ്യപ്പെട്ടിട്ടും ആരും തയ്യാറാകാതെ വാഹനം ഓടിച്ചു പോയി. ഇതിനു ശേഷം വന്ന വാഹനയാത്രികരാണ് ചാടിയിറങ്ങി പ്രതിയെ പിടികൂടിയത്. പ്രതിക്ക് ഓടിരക്ഷപ്പെടണമെന്ന ഉദ്ദേശ്യമില്ലായിരുന്നു. വെട്ടുകൊണ്ടു സ്ത്രീ വീണിട്ടും പ്രതി തുരുതുരാ വെട്ടുകയായിരുന്നുവെന്നു ബേബി ജോര്‍ജ് വിശദമാക്കി.
വഴയിലയില്‍ വ്യാഴാഴ്ച രാവിലെ 9.30 നാണ് കൊലപാതകം നടന്നത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന സിന്ധുവിനെ, രാജേഷ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
12 വര്‍ഷമായി രാജേഷും സിന്ധുവും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍, ഇരുവരും ഒരു മാസമായി അകല്‍ച്ചയിലായിരുന്നു. സിന്ധു തന്നില്‍ നിന്നു അകലുന്നെന്ന സംശയമാണ് കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്നു രാജേഷ് പോലീസിനു മൊഴി നല്‍കി. സിന്ധു ജോലിക്ക് പോകുന്നതു സംബന്ധിച്ചും തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു. രാജേഷ് പലതവണ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സമീപകാലത്തായി സാമ്പത്തിക തര്‍ക്കങ്ങളും ഇവര്‍ക്കിടയില്‍ ഉടലെടുത്തു. രണ്ടു പേര്‍ക്കും കുടുംബങ്ങളുണ്ട്. ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ ഒരുമിച്ചു താമസിക്കുകയായിരുന്നു.