കോട്ടയം: ഹൈ ബീം ലൈറ്റും തെളിച്ച് രാത്രിയിൽ വാഹനത്തിൽ ചീറിപ്പായുന്നവർക്ക് കൂച്ചുവിലങ്ങിടാൻ മോട്ടോർ വാഹന വകുപ്പ്. എതിരേ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണ് തുളയ്ക്കും വിധമുള്ള ഹെഡ് ലൈറ്റുള്ള വാഹനങ്ങൾ കൈയോടെ പൊക്കാൻ രാത്രിയിൽ ‘ലക്സ് മീറ്റർ’ ഉപയോഗിച്ച് പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.
വാഹന നിർമ്മാതാക്കൾ ഘടിപ്പിക്കുന്ന ബൾബ് മാറ്റി അമിത പ്രകാശമുള്ളത് ഘടിപ്പിക്കുന്ന പ്രവണത വർദ്ധിക്കുകയും അതുമൂലം അപകടങ്ങൾ കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണു കർശന നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. രാത്രികാലത്തും പുലർച്ചെയും ഉണ്ടാക്കുന്ന വാഹനാപകടങ്ങളിൽ പലതും എതിരേ വരുന്ന വാഹനങ്ങളിലെ അതിതീവ്ര വെളിച്ചം മൂലമാണെന്ന പരാതി വ്യാപകമാണ്. ഏതു വാഹനമായാലും രാത്രി എതിർദിശയിൽ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണു നിയമം. എന്നാൽ, ഭൂരിപക്ഷവും ഇത് പാലിക്കാറില്ല. പലർക്കും ലൈറ്റ് ഡിം ചെയ്യുന്നത് എങ്ങനെയെന്ന് അറിയുക പോലുമില്ലെന്നതാണ് വാസ്തവം.
കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമുള്ള ബൾബുകൾക്ക് പുറമെ ലേസർ, പല നിറത്തിലുള്ള അലങ്കാര ബൾബുകൾ തുടങ്ങിയതെല്ലാം പരിശോധനയിൽ പിടികൂടും.