IndiaNEWS

പരീക്ഷയ്ക്ക് തോറ്റതിന് കാരണം അശ്ലീലപരസ്യം; 75ലക്ഷം രൂപ നഷ്ടപരിഹാരംതേടി യുവാവ്; ‘കണ്ടംവഴി ഓടിച്ച്’ സുപ്രീംകോടതി

ന്യൂഡല്‍ഹി: യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ കാരണം മത്സരപരീക്ഷയില്‍ പരാജയപ്പെട്ടതിനാല്‍ നഷ്ടപരിഹാരമായി 75 ലക്ഷം രൂപ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനെതിരെ ഹര്‍ജി നല്‍കിയ യുവാവിന് 25,000 രൂപ പിഴ ചുമത്തി സുപ്രീം കോടതി. മധ്യപ്രദേശുകാരനായ യുവാവിന്റെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍ കാരണം പഠനത്തിലുള്ള തന്റെ ശ്രദ്ധ വ്യതിചലിക്കുകയും മത്സരപരീക്ഷയില്‍ താന്‍ തോല്‍ക്കാനിട വന്നതായും ഹര്‍ജിയില്‍ യുവാവ് ആരോപിച്ചിരുന്നു.

ഇന്റര്‍നെറ്റില്‍ പരസ്യങ്ങള്‍ വീക്ഷിക്കുന്നതിന് നഷ്ടപരിഹാരം ലഭ്യമാക്കണോ എന്നും പരസ്യങ്ങള്‍ കാരണം ശ്രദ്ധ തെറ്റിയതിനാലാണ് പരീക്ഷ വിജയിക്കാനാകാത്തതെന്നാണോ പറയുന്നതെന്നും ഹര്‍ജിക്കാരനോട് ജസ്റ്റിസ് എസ്.കെ. കൗള്‍, എ.എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. ഭരണഘടനയുടെ 32-ാം അനുച്ഛേദം അടിസ്ഥാനമാക്കി സമര്‍പ്പിക്കപ്പെട്ട ഏറ്റവും മോശമായ ഹര്‍ജിയാണിതെന്നും കോടതി കുറ്റപ്പെടുത്തി. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള നഗ്‌നതാപ്രദര്‍ശനം തടയണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

Signature-ad

പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നുവെന്നും യൂട്യൂബ് സബ്സ്‌ക്രൈബ് ചെയ്തതോടെ അശ്ലീല ഉള്ളടക്കങ്ങളോടുകൂടിയ പരസ്യങ്ങള്‍ കാണാനിടയായതോടെ തന്റെ ശ്രദ്ധ മാറി എന്നുമാണ് യുവാവിന്റെ അവകാശവാദമെന്ന് കോടതി നിരീക്ഷിച്ചു. നിങ്ങള്‍ക്ക് ഒരു പരസ്യം കാണാന്‍ താത്പര്യമില്ലെങ്കില്‍ നിങ്ങള്‍ കാണണ്ട, കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം നിങ്ങള്‍ക്ക് മാത്രമാണ്- കോടതി പറഞ്ഞു.

ഹര്‍ജി തള്ളിക്കൊണ്ട് ആദ്യം ഒരു ലക്ഷം രൂപയാണ് കോടതി ചുമത്തിയത്. ക്ഷമ ചോദിച്ചുള്ള ഹര്‍ജിക്കാരന്റെ അപേക്ഷക്കൊടുവില്‍ കോടതി തുക 25,000 രൂപയാക്കി കുറയ്ക്കുകയായിരുന്നു. ശ്രദ്ധ നേടുന്നതിന് വേണ്ടി മാത്രം ഇത്തരം ഹര്‍ജികളുമായി സമീപിക്കരുതെന്നും കോടതി യുവാവിന് താക്കീത് നല്‍കി.

 

Back to top button
error: