KeralaNEWS

12 വയസ്സുകാരിയെ മാരക മയക്കുമരുന്നിന് അടിമയാക്കിയ സംഭവം: മൊഴി നൽകിയത് ലഹരി ഇടപാടിനെക്കുറിച്ച്, പൊലീസ് കേസെടുത്തത് കയ്യിൽ കയറിപ്പിടിച്ചതിന്

വടകര: അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലഹരിക്ക് അടിമയാക്കുകയും ലഹരിവില്പനയിൽ കാരിയർ ആക്കുകയും ചെയ്ത സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച. പരാതി ഒതുക്കിത്തീർക്കാൻ പ്രാദേശിക നേതാക്കൾ ഇടപെട്ടെന്ന് വിദ്യാർഥിനിയുടെ കുടുംബം ആരോപിക്കുന്നു.

ഡിസംബർ രണ്ടിനു പോലീസിൽ പരാതി നൽകിയപ്പോൾ ലഹരിസംഘത്തിന്റെ പ്രവർത്തനത്തെക്കുറിച്ചു പെൺകുട്ടി വിശദമായ മൊഴി നൽകിയിരുന്നു. ലഹരിക്കൈമാറ്റത്തിനു വിസമ്മതിച്ച പെൺകുട്ടിയെ ഈ സംഘത്തിലെ യുവാവ് ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനെപ്പറ്റിയും പൊലീസിനെ അറിയിച്ചതാണ്. എന്നാൽ ലഹരിമരുന്ന് എന്ന വാക്കു പോലും പോലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയില്ല. യുവാവു കയ്യിൽ കയറിപ്പിടിച്ചതിനു മാത്രമാണു കേസെടുത്തത്. യുവാവിനെ പിന്നീടു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. ഇക്കാര്യങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടു പെൺകുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്.

Signature-ad

നവംബർ 24നാണു പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ പൂർണമായും നനഞ്ഞ നിലയിൽ അധ്യാപകർ കണ്ടത്. വിവരമറിഞ്ഞെത്തിയ വീട്ടുകാരോടു പെൺകുട്ടി ലഹരിസംഘവുമായുള്ള ബന്ധം തുറന്നു പറയുകയായിരുന്നു. തന്നെ ഒരു സംഘം ലഹരിക്ക് അടിമയാക്കിയതായും ലഹരിവില്പനക്ക് ഉപയോഗിച്ചതായും പെൺകുട്ടി വെളിപ്പെടുത്തി.

പരിചയക്കാരിയായ യുവതി നൽകിയ ലഹരി കലർന്ന ബിസ്കറ്റിലായിരുന്നു തുടക്കം.  വേണ്ടത്ര ശാരീരിക ക്ഷമതയും നല്ല സ്റ്റാമിന കിട്ടാൻ ബിസ്ക്കറ്റ് കഴിച്ചാൽ മതി എന്ന് പ്രലോഭിപ്പിച്ച് ലഹരിബിസ്ക്കറ്റ് നൽകി. പിന്നീട് സിറിഞ്ച് വഴി ലഹരി കുത്തി വച്ചു.അതിനു ശേഷം സ്കൂൾ ബാഗിൽ ലഹരി കടത്താൻ നിർബന്ധിച്ചു. ലഹരിമരുന്ന് കൈമാറാൻ തലശ്ശേരിയിൽ പോയി. ഇക്കാര്യമെല്ലാം പെൺകുട്ടി വെളിപ്പെടുത്തി. ഡിസംബർ രണ്ടിനാണു പെൺകുട്ടിയുടെ കുടുംബം ചോമ്പാല പോലീസിൽ പരാതി നൽകിയത്. എന്നാൽ, തെളിവുണ്ടോ എന്നായിരുന്നു സ്റ്റേഷനിലെ പോലീസുകാർ ചോദിച്ചതെന്നു കുടുംബം പറയുന്നു. പരാതിയുമായിപോലീസ് സ്റ്റേഷനിലെത്തിയപ്പോൾ, പെൺകുട്ടിക്ക് ആദ്യമായി ബിസ്കറ്റ് നൽകിയ യുവതിയും സ്റ്റേഷൻ പരിസരത്തെത്തി. അവരെ കണ്ടപ്പോൾ പെൺകുട്ടി പരിഭ്രാന്തയായി.

അതിനിടെ സ്റ്റേഷനിലെത്തിയ ഡി.വൈ.എഫ്ഐ പ്രാദേശിയ നേതാക്കളായ നിഷാദ്, ഫാസി‍ൽ എന്നിവർ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി. ‘അവർ വലിയ ടീമാണ്. പരാതിയുമായി പോയാൽ നിന്റെ ഭാവിയെ ബാധിക്കും’ എന്നായിരുന്നു ഭീഷണി.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിൽ പങ്കാളികളായ നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നു മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ അഴിയൂരിൽ 12കാരിയെ മയക്കുമരുന്നിന് അടിമയാക്കി എന്ന പരാതിയിൽ ആരോപണ വിധേയനെ വിട്ടയച്ചതിൽ പ്രതിഷേധിച്ച് വിഴിഞ്ഞം മാതൃകയിൽ’ ചോമ്പാല പൊലീസ് സ്റ്റേഷൻ തകർക്കാൻ ആഹ്വാനം. മുക്കാളി സ്വദേശിയായ ആശാരിന്റെ വിട ഷംസുദ്ദീനാണ് സമൂഹമാധ്യമങ്ങളിലൂടെ ശബ്ദ സന്ദേശം അയച്ചത്.

പോലീസുകാർ ലഹരിമാഫിയക്ക് സംരക്ഷണം നൽകുകയാണെന്നാണ് ഷംസുദ്ദീൻ ഓഡിയോയിൽ പറയുന്നത്. അതുകൊണ്ട് വിഴിഞ്ഞത്തേതു പോലെ പൊലീസ് സ്റ്റേഷൻ തകർക്കണമെന്ന് ഓഡിയോയൽ പറയുന്നു. ഇതേ തുടർന്ന് ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.

Back to top button
error: