മലപ്പുറം: വിവിധ മോഷണക്കേസുകളില്‍ പ്രതിയായ പേരാമ്പ്ര ബഷീര്‍ എന്ന മിഠായി ബഷീര്‍ പിടിയില്‍. തിരൂര്‍ കല്‍പകഞ്ചേരി പോലീസാണ് ഇയാളെ പിടികൂടിയത്. വാഹന മോഷണമടക്കമുള്ള കേസുകളില്‍ പ്രതിയാണ്.
വിവിധയിടങ്ങളില്‍ മോഷണം നടത്തിയ ശേഷം ഇയാള്‍ പെരുമ്പാവൂരില്‍ ഒളിവില്‍ കഴിയുകയാണ് പതിവ്. ഇവിടെ അതിഥി തൊഴിലാളികള്‍ക്കൊപ്പം ഹോട്ടലില്‍ ജോലി ചെയ്തും മറ്റുമാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
പരപ്പനങ്ങാടിയിലെ ബൈക്ക് മോഷണം, കല്‍പ്പകഞ്ചേരി, കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുട്ടികളുടെ മാല പടിച്ചുപറിച്ചതിനും കേസുണ്ട്. കുട്ടികളെ മിഠായി കാണിച്ച് അടുത്തുവിളിച്ച് മാല പിടിച്ചുപറിക്കുന്നതാണ് ഇയാളുടെ രീതി.
കുറ്റങ്ങളെല്ലാം ഇയാള്‍ സമ്മതിച്ചു. മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കാന്‍ സഹായിക്കുന്ന കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി ഷംസുദ്ദീന്‍ എന്നയാളെയും പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ബഷീര്‍ ഒളിവില്‍ കഴിയുന്നത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പൊലീസിന് കിട്ടിയത്.
നാല് മാസം മുന്‍പാണ് ബഷീര്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലടക്കം ഇരുവരും ചേര്‍ന്ന് മോഷണം നടത്തിയിട്ടുണ്ട്. താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇയാളെ പിടികൂടിയത്.