ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സമ്മതം തേടിയിരുന്നുവെന്ന വാദം ഡല്‍ഹി ഹൈക്കോടതി. ലൈംഗിക ബന്ധത്തിന് പതിനാറുകാരിക്കും സമ്മതമായിരുന്നുവെന്ന വാദം നിയമത്തിനു മുന്നില്‍ അനുമതിയായി കണക്കാക്കാനാകില്ലെന്നു യുവാവിന് ജാമ്യം നിഷേധിച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.
മാത്രമല്ല, പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നു കാട്ടാന്‍ ആധാര്‍ കാര്‍ഡിലെ ജനനത്തീയതി തിരുത്താന്‍ പ്രതി ശ്രമിച്ചത് ‘ഗുരുതര കുറ്റകൃത്യ’മാണെന്നും കോടതി നിരീക്ഷിച്ചു. 23 വയസ്സുകാരനായ യുവാവ് വിവാഹിതനുമാണ്. ഇതുതന്നെ ജാമ്യം നിഷേധിക്കാന്‍ കാരണമാണെന്നും ജസ്റ്റിസ് ജസ്മീത് സിങ് ഉത്തരവില്‍ പറഞ്ഞു.
2019 ലാണ് പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി പിതാവ് പരാതി നല്‍കിയത്. അന്വേഷണം നടത്തിയതിനു പിന്നാലെ യുപിയിലെ സാംഭാല്‍ ജില്ലയില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി തിരിച്ചെത്തിച്ചു. പെണ്‍കുട്ടിക്കൊപ്പം പുരുഷനും ഉണ്ടായിരുന്നു.
എന്നാല്‍, തന്റെ കാമുകനാണ് അതെന്നും ഒന്നര മാസമായി അയാള്‍ക്കൊപ്പം താമസിക്കുകയായിരുന്നും പെണ്‍കുട്ടി മൊഴി നല്‍കി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും അയാള്‍ക്കൊപ്പം ജീവിക്കാനാണ് താല്‍പര്യം എന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. 2019 മുതല്‍ കസ്റ്റഡിയില്‍ ആയിരുന്നെന്നും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയുമായെത്തിയ യുവാവ് വാദിച്ചത്.