സ്വന്തം ജീവന് പണയപ്പെടുത്തി വടകര റെയില്‍വേപോലീസ് ഹെഡ്കോണ്‍സ്റ്റബിള്‍ കണ്ണൂര്‍ പിണറായി സ്വദേശി വി.പി മഹേഷ് യാത്രക്കാരിയായ പെണ്‍കുട്ടിയുടെ ജീവന് രക്ഷിച്ചു. നാഗര്‍കോവിലില്‍നിന്ന് മംഗലാപുരത്തേക്കു പോകുന്ന പരശുറാം എക്സ്പ്രസ് വൈകീട്ട് 5.40 ന് വടകര റെയില്‍വേ സ്റ്റേഷനിലെ രണ്ടാംനമ്പര്‍ പ്ലാറ്റ്ഫോമിലെത്തിയപ്പോഴാണ് സംഭവം.
പരശുറാമിലെ ഭിന്നശേഷിക്കാര്‍ക്കുള്ള കോച്ചില്‍ മറ്റ് യാത്രക്കാര്‍ കയറിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഡ്യൂട്ടിയിലുള്ള മഹേഷ് പ്ലാറ്റ്ഫോമില്‍ എത്തിയത്. പരിശോധന കഴിഞ്ഞ് നില്‍ക്കുമ്പോഴാണ് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാനായി പെണ്‍കുട്ടി ഓടിവരുന്നത് കാണുന്നത്. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ അപകടങ്ങള്‍ പതിവായതിനാല്‍ ഓടിക്കയറരുതെന്ന് ഇദ്ദേഹം പെണ്‍കുട്ടിയെ വിലക്കുന്നുണ്ടായിരുന്നു.
എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച പെണ്‍കുട്ടി സ്റ്റെപ്പില്‍നിന്ന് കാല്‍വഴുതി കമ്പിയില്‍ തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു. പെണ്‍കുട്ടി കമ്പിയില്‍നിന്ന് കൈവഴുതി താഴേക്ക് പോയ്ക്കൊണ്ടിക്കുമ്പോള്‍ പ്ലാറ്റ്ഫോമില്‍ നിന്നവര്‍ അലറിവിളിക്കുകയായിരുന്നു.
ഉടന്‍ മഹേഷ് ഓടിയെത്തി കുട്ടിയെ പിടിച്ചുയര്‍ത്തി പ്ലാറ്റ്ഫോമിലേക്കിടാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി വെപ്രാളത്തില്‍ ഇടതുകൈകൊണ്ട് മഹേഷിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചതോടെ രണ്ടുപേരും ട്രാക്കിലേക്ക് വീഴുമെന്ന നിലയിലായി. ഒരുനിമിഷം ബാലന്‍സ് വീണ്ടെടുത്ത മഹേഷ് ഒരു കൈകൊണ്ട് ട്രാക്കില്‍ വീഴാതെ പെണ്‍കുട്ടിയെ ഉയര്‍ത്തി പ്ലാറ്റ്ഫോമിലേക്ക് ചാടി. രണ്ടുപേരും വലിയപരിക്കുകളില്ലാതെ പ്ലാറ്റ്ഫോമില്‍ വന്നുവീണു.
അപ്പോഴേക്കും സംഭവം ശ്രദ്ധയില്‍പ്പെട്ട ലോക്കോപൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. മഹേഷിനെ യാത്രക്കാര്‍ അഭിനന്ദനംകൊണ്ട് മൂടി. ഫോട്ടോയെടുത്ത് ഹൃദയസ്പര്‍ശിയായ കുറിപ്പോടെ സാമൂഹികമാധ്യമങ്ങളിലിടുകയും ചെയ്തു. ഇനി ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ഉപദേശത്തോടെ, മംഗലാപുരത്ത് പഠിക്കുന്ന പെണ്‍കുട്ടിയെ അതേ വണ്ടിയില്‍ കയറ്റിവിട്ടു.