കോഴിക്കോട്: വയനാട് മേപ്പാടി പോളിടെക്നിക്ക് കോളജിലെ വിദ്യാര്‍ഥിക്ക് നേരേ ആക്രമണം. പേരാമ്പ്ര സ്വദേശി അഭിനവിനെയാണ് തിങ്കളാഴ്ച രാത്രി മര്‍ദിച്ചത്. തലയ്ക്കും കൈയ്ക്കും പരുക്കേറ്റ അഭിനവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ എട്ടംഗസംഘം തന്നെ മര്‍ദിച്ചതെന്നാണ് അഭിനവിന്റെ ആരോപണം. രാത്രി 8.15-ഓടെ ബൈക്കുകളിലെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഫുട്ബോള്‍ മത്സരം കാണാനായി വീടിന് പുറത്തിറങ്ങിയപ്പോള്‍ ഒരുകാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഇവര്‍ അടുത്തുവന്നു. ഉപദ്രവിക്കരുതെന്ന് പറഞ്ഞപ്പോള്‍ ഇല്ലെന്ന് പറഞ്ഞ് തോളില്‍ കൈയിട്ടു. പിന്നാലെ തലയ്ക്കടിച്ചു. പിന്നീട് ക്രൂരമായി ആക്രമിച്ചു. മര്‍ദനമേറ്റ് താന്‍ അവശനായതോടെയാണ് ഇവര്‍ തിരികെപോയതെന്നും അഭിനവ് പറഞ്ഞു.
ആണി അടിച്ച പലക ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരെ ആക്രമിക്കാന്‍ ചൈനീസ് പട്ടാളം ഉപയോഗിച്ചത് ഇത്തരം ആയുധമായിരുന്നു. എസ്.എഫ്.ഐ.ക്കാരാണ് ഞങ്ങളോട് കളിക്കേണ്ട എന്നു പറഞ്ഞായിരുന്നു ആക്രമണം. രണ്ടുദിവസം മുമ്പ് വീട്ടിലെത്തിയും ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും മേപ്പാടി കോളജില്‍ എസ്.എഫ്.ഐ. വനിതാനേതാവിനെതിരേ ആക്രമണം നടന്നപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും അഭിനവ് പറഞ്ഞു.
അതിനിടെ, മേപ്പാടി സംഘര്‍ഷത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് കെ.എസ്.യു പ്രവര്‍ത്തകരുടെ ബൈക്കുകള്‍ കത്തിച്ചനിലയില്‍ കണ്ടെത്തി. വടകര വൈക്കിലേശ്ശരി സ്വദേശി അതുല്‍, ഏറാമല സ്വദേശി കിരണ്‍രാജ് എന്നിവരുടെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച മേപ്പാടി പോളിടെക്നിക്ക് കോളജില്‍ യൂണിയന് തെരഞ്ഞെടുപ്പിനെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും എസ്.എഫ്.ഐ. നേതാവ് അപര്‍ണ ഗൗരിക്കും പരുക്കേറ്റിരുന്നു. അപര്‍ണയെ വളഞ്ഞിട്ട് മര്‍ദിച്ച കെ.എസ്.യു-എം.എസ്.എഫ്. പ്രവര്‍ത്തകര്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. ഇവരുടെ ലഹരി ഉപയോഗത്തിനെതിരേ നിലപാട് സ്വീകരിച്ചതിനാണ് തന്നെ മര്‍ദിച്ചതെന്ന് അപര്‍ണ ഗൗരിയും പ്രതികരിച്ചിരുന്നു.
മേപ്പാടിയിലെ അക്രമത്തിനു പകരം ചോദിക്കുമെന്നും വനിതാ നേതാവിനെ ആക്രമിച്ചവരെ ജയില്‍ മുറ്റം മുതല്‍ നാദാപുരം വരെ ഓടിച്ചിട്ട് അടിക്കുമെന്നും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പേരാമ്പ്രയില്‍ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റതും കെ.എസ്.യു പ്രവര്‍ത്തകരുടെ ബൈക്ക് കത്തിച്ചതും.