തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവും 1,65,000 രൂപ പിഴയും ശിക്ഷ. ജീവിതാവസാനം വരെ പ്രതികള്‍ ശിക്ഷ അനുഭവിക്കണമെന്നതാണ് വിധി.
കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. സനില്‍കുമാര്‍ ശിക്ഷിച്ചത്. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജീവിതാവസാനം വരെ ജീവപര്യന്തം തുടരണമെന്നത് 376 (എ) പ്രകാരമാണ് വിധിച്ചിട്ടുള്ളത്. ഇതുകൂടാതെ 1,65,000 രൂപ വീതം പിഴയും പ്രതികള്‍ ഒടുക്കണം. ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും കോടതി ഉത്തരവായിട്ടുണ്ട്.
അതിനിടെ, ചൊവ്വാഴ്ച ശിക്ഷ വിധിക്കുന്നതിന് മുമ്പ് നാടകീയസംഭവങ്ങളാണ് കോടതിമുറിയില്‍ അരങ്ങേറിയത്. വിധിപ്രസ്താവത്തിന് മുമ്പ് പ്രതികളായ രണ്ടുപേരും തങ്ങള്‍ നിരപരാധികളാണെന്ന് പ്രതിക്കൂട്ടില്‍നിന്ന് വിളിച്ചുപറഞ്ഞു. തങ്ങള്‍ക്ക് നുണ പരിശോധന നടത്താന്‍ തയ്യാറാകണം. സംഭവസ്ഥലത്തുനിന്ന് ഒരു യോഗ അധ്യാപകന്‍ ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇയാള്‍ക്ക് പലഭാഷകളും അറിയാം. ഇയാളെക്കുറിച്ച് അന്വേഷിക്കണം. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തില്‍നിന്ന് ലഭിച്ച മുടി വിദഗ്ധ പരിശോധനയ്ക്ക് അയക്കണമെന്നും പ്രതികള്‍ വിളിച്ചുപറഞ്ഞു. എന്നാല്‍, ഇതെല്ലാം കേട്ട കോടതി ഇതിനുപിന്നാലെ വിധിപ്രസ്താവം ആരംഭിക്കുകയായിരുന്നു.
ശിക്ഷാവിധി കേട്ട ശേഷവും പ്രതികള്‍ കോടതിമുറിയില്‍ രോഷാകുലരായി. തങ്ങളെ ശിക്ഷിക്കരുതെന്ന് പറഞ്ഞാണ് ഇരുവരും രോഷാകുലരായത്. നേരത്തെ കോടതിയില്‍ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ ഇവര്‍ ആവര്‍ത്തിച്ചു.