LIFEMovie

‘വിജയിസ’ത്തിന്റെ 30 വര്‍ഷങ്ങള്‍; ഇളയദളപതിയുടെ സിനിമാ ജീവിതം ആഘോഷിച്ച് ‘മക്കള്‍’

ചെന്നൈ: വെള്ളിത്തിരയില്‍ വിജയ് എന്ന പ്രതിഭാസം അവതരിച്ചിട്ട് 30 വര്‍ഷമാവുകയാണ്. ഈയവസരത്തില്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ പലവിധ ആഘോഷങ്ങള്‍ നടത്തിവരികയാണ്. വിജയ് ആരാധകരുടെ ചാരിറ്റി സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ നടത്തിയ ഒരു പ്രവൃത്തി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.

വിജയ് സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 30 നവജാത ശിശുക്കള്‍ക്ക് സംഘടന സ്വര്‍ണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചു. അഡയാര്‍ സര്‍ക്കാര്‍ മറ്റേണിറ്റി ആശുപത്രിയിലായിരുന്നു ഇത് നടന്നത്. സമാനരീതിയില്‍ നേരത്തേ ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ 20 നവജാത ശിശുക്കള്‍ക്ക് വിജയ് ആരാധകര്‍ ചേര്‍ന്ന് സ്വര്‍ണമോതിരം നല്‍കിയിരുന്നു.

വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വാരിസ് ആണ് വിജയ് നായകനായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. പൊങ്കല്‍ റിലീസായി 2023 ജനുവരിയിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന തീ ദളപതി എന്ന ഗാനം യൂട്യൂബില്‍ 1.30 കോടി കാഴ്ചക്കാരും കടന്ന് കുതിക്കുകയാണ്.

ചിത്രത്തിലേതായി ആദ്യമിറങ്ങിയ ‘രഞ്ജിതമേ’ എന്ന വിജയ് ആലപിച്ച ഗാനം യൂട്യൂബില്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് മുന്നേറുകയാണ്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിക്കുന്നത്. രശ്മിക മന്ദാന, പ്രകാശ് രാജ്, ശ്രീകാന്ത് തുടങ്ങിയവരാണ് മറ്റ് പ്രധാനഅഭിനേതാക്കള്‍. തമന്‍ ആണ് സംഗീതസംവിധാനം.

 

Back to top button
error: