കാഞ്ഞങ്ങാട്: മെട്ടമ്മലിനടുത്ത് വയലോടിയില്‍ ശീതളപാനീയ കംപനിയുടെ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ അന്വേഷണം. ഇവരില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ഇന്ന് കിട്ടും. അതിനു ശേഷംഅറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
വയലോടിയിലെ കൊടക്കല്‍ കൃഷ്ണന്‍-അമ്മിണി ദമ്പതികളുടെ മകന്‍ പ്രിജേഷ് എന്ന കുട്ടനെ(32)യാണ് മരിച്ച നിലയില്‍ വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് ഇന്നലെ (തിങ്കൾ) പുലര്‍ചയോടെ കണ്ടെത്തിയത്. ചെളി പുരണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ് ബുളറ്റ് ബൈക്കിനടുത്ത് മലര്‍ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകള്‍ നെഞ്ചില്‍ കൃത്യമായി മടക്കി വെച്ച നിലയിലായിരുന്നു.
പയ്യന്നൂരിലെ ശീതള പാനീയ കംപനിയുടെ വിതരണക്കാരനും ഡ്രൈവറുമായി ജോലി ചെയ്യുകയായിരുന്നു യുവാവ്. ഞായറാഴ്ച രാത്രി 9.30 മണിയോടെ വീട്ടില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുന്നെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. മീന്‍ പൊരിച്ച് ചോറെടുത്ത് വെക്കണമെന്നും പറഞ്ഞാണ് പുറപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഫോണ്‍ വിളി വന്ന ശേഷമാണത്രേ വീട്ടില്‍ നിന്നു പോയത്. തിങ്കളാഴ്ച പുലര്‍ചെ ബന്ധുവാണ് പ്രിജേഷ് ബുളറ്റിനടുത്ത് മരിച്ചു കിടക്കുന്നത് കണ്ടത്. സാധാരണ വരുന്ന വഴിയിലല്ല ബുളറ്റും മൃതദേഹവും ഉണ്ടായിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍, രഹസ്യാന്വേഷണ വിഭാഗം ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വി ഉണ്ണികൃഷ്ണന്‍, ചന്തേര ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍, എസ്‌ഐ എം വി ശ്രീദാസ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. പൊലീസ് നായയും വിരലടയാള വിദഗ്ദരും ഫോറന്‍സിക് സയന്‍സ് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
സദാചാര ഗുണ്ടാ അക്രമണം നടന്നതായാണ് സൂചനകള്‍ പുറത്ത് വരുന്നത്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോർട്ടം പൂര്‍ത്തിയാക്കി വൈകീട്ടോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. രാത്രി തന്നെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
സഹോദരങ്ങള്‍: പ്രീത, പ്രസീന, പ്രിയേഷ്.
മരണത്തിലെ സത്യാവസ്ഥ ഇന്ന് പുറത്ത് വരുമെന്നാണ് അറിയുന്നത്.