NEWSPravasi

കുവൈത്തിലെ പ്രവാസി എഞ്ചിനീയർമാരുടെ ഭാവി പ്രതിസന്ധിയിൽ, തൊഴിൽ നഷ്ടമാവുമെന്ന ഭീതിയിൽ ആയിരങ്ങൾ; എംബസി ഇടപെടണമെന്ന് ആവശ്യം

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന പതിനായിരത്തിലധികം ഇന്ത്യൻ എഞ്ചിനീയർമാരുടെ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ എംബസി ഇടപെടണമെന്ന് ആവശ്യം. എഞ്ചിനീയർമാർക്ക് തൊഴിൽ ലൈസൻസ് അനുവദിക്കുന്നതിനായി കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സിൽ നിന്ന് ലഭിക്കേണ്ട നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റിന്റെ (എൻ.ഒ.സി) കാര്യത്തിലാണ് ഇപ്പോഴത്തെ പ്രതിസന്ധി. എൻ.ഒ.സി ലഭിക്കാൻ കുവൈത്ത് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡ‍ം പാലിക്കാൻ ഭൂരിപക്ഷം എഞ്ചിനീയർമാർക്കും സാധിക്കില്ല.

ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയറിങ് ബിരുദധാരികൾ നാഷണൽ ബോർഡ‍് ഓഫ് അക്രഡിറ്റേഷന്റെ (എൻ.ബി.എ) അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പഠിച്ചവരായിരിക്കണമെന്നതാണ് കുവൈത്തിലെ നിബന്ധന. എന്നാൽ ഇന്ത്യയിലെ ഭൂരിപക്ഷം എഞ്ചിനീയറിങ് കോളേജുകൾക്കും എൻബിഎ അക്രഡിറ്റേഷനില്ല. ഓൺ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജ്യൂക്കേഷന്റെ (എഐസിടിഇ) അംഗീകാരമാണ് ഇന്ത്യയിൽ എഞ്ചിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള മാനദണ്ഡം. ഐസ്ഒ പോലുള്ള ഒരു ഗുണനിലവാര പരിശോധനാ സ്ഥാപനമെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന എൻബിഎയുടെ അക്രഡിറ്റേഷൻ സർക്കാർ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടെ രാജ്യത്തെ ഭൂരിപക്ഷം എഞ്ചിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമില്ല. 2013ൽ എൻബിഎ സ്വതന്ത്ര അക്രഡിറ്റേഷൻ സ്ഥാപനമായി മാറിയ ശേഷം ചില സ്ഥാപനങ്ങൾ അക്രഡിറ്റേഷൻ നേടിയിട്ടുണ്ട്. എന്നാൽ തൊഴിൽ പെർമിറ്റിന് അപേക്ഷ നൽകുന്ന പ്രവാസി, പഠിച്ചിരുന്ന സമയത്ത് സ്ഥാപനത്തിന് എൻബിഎ അക്രഡിറ്റേഷൻ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയിലുള്ളതിനാൽ ഇവർക്കും എൻഒസി ലഭിക്കുന്നില്ല.

Signature-ad

ഇരുപത് വർഷത്തിലധികമായി കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസി എഞ്ചിനിയർമാരുടെ ഉൾപ്പെടെ അപേക്ഷകൾ ഇത്തരത്തിൽ എൻഒസി നൽകാതെ തള്ളിയിട്ടുണ്ട്. ഇതോടെ തൊഴിൽ നഷ്ടമാവുമെന്ന ഭീതിയിലാണ് ആയിരക്കണക്കിന് പേർ. 2020ലാണ് എഞ്ചിനീയർമാർക്ക് പ്രത്യേക അംഗീകാരം നൽകുന്ന നടപടി കുവൈത്ത് ആരംഭിച്ചത്. ഇപ്പോൾ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനൊപ്പം കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സ് നടത്തുന്ന യോഗ്യതാ പരീക്ഷ പാസാവുകയും വേണം. നേരത്തെ ഇന്ത്യൻ സ്ഥാനപതി കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. കൊവിഡ‍് കാലത്ത് വിസാ കാലാവധി അവസാനിക്കുകയും ഇപ്പോൾ താത്കാലികമായി വിസാ കാലാവധി ദീർഘിപ്പിച്ച് കിട്ടിയവരും ഉൾപ്പെടെ നിരവധിപ്പേർ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ എന്നുള്ള ആശങ്കയിലാണ്. വിഷയത്തിൽ ഇന്ത്യൻ എംബസിയും ഇന്ത്യൻ സർക്കാറും ഇടപെടണമെന്നാണ് ആവശ്യം.

Back to top button
error: