IndiaNEWS

ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ പ്രിയങ്കയുടെ മഹിളാ മാര്‍ച്ചും; വമ്പന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ ഇന്ത്യയിലുടനീളം വനിതകളെ സംഘടിപ്പിച്ചുള്ള യാത്രക്കൊരുങ്ങി പ്രിയങ്കാ ഗാന്ധിയും. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ മെഗാ പ്രചാരണ പരിപാടികള്‍ക്കാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ നേതൃത്വത്തിലുള്ള യാത്രയും.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് ഞായറാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ സ്റ്റിയറിങ് കമ്മിറ്റി യോഗമായിരുന്നു ഇത്.

Signature-ad

രണ്ട് മാസം നീണ്ടു നില്‍ക്കുന്ന പ്രചാരണ പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. ‘ഹാത് സേ ഹാത് ജോഡോ അഭിയാന്‍’ എന്ന പേരിലാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. ഭാരത് ജോഡോ യാത്ര സമാപിക്കുന്ന 2023 ജനുവരി 26 മുതലായിരിക്കും പ്രചാരണ പരിപാടികള്‍ ആരംഭിക്കുക.

ഗ്രാമ, ബ്ലോക്ക് തലങ്ങളില്‍ പദ യാത്രകള്‍, ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍, സംസ്ഥാന തലത്തില്‍ റാലി എന്നിവയെല്ലാം യാത്രയുടെ ഭാഗമായി നടക്കും. ഇതിനു പുറമേയാണ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മഹിളാ മാര്‍ച്ച് നടത്തുന്നത്.

ഭാരത് ജോഡോ യാത്രയുടെ ആവേശം പാര്‍ട്ടിയുടെ താഴേത്തട്ടിലേക്ക് പകരാനും ആവേശം നിലനിര്‍ത്താനുമാണ് മെഗാ പ്രചാരണം. യാത്രയുടെ സന്ദേശം സംബന്ധിച്ച രാഹുലിന്റെ കത്ത് പ്രചാരണ വേളയില്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

 

 

Back to top button
error: