കോഴിക്കോട്: സ്ത്രീകള്‍ക്കും പുരുഷനും തുല്യ അവകാശമെന്ന വരികള്‍ ഉള്‍പ്പെട്ട ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബശ്രീ ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രതിജ്ഞ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി നല്‍കുകയാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ ‘നയി ചേതന’ എന്ന പേരില്‍ 2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ അതിക്രമങ്ങള്‍ക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായും രാജ്യത്തെ അയല്‍ക്കൂട്ടം തലത്തില്‍ വിവിധ പരിപാടികള്‍ നടത്തിവരുന്നുണ്ട്. ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ തിരിച്ചറിയുക, അതിക്രമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തുക, സഹായം ആവശ്യപ്പെടുക എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നാല് ആഴ്ചത്തെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സമൂഹ്യ ഉത്തരവാദിത്തം വളര്‍ത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ വളര്‍ത്തുകയുമാണ് കാമ്പെയിന്റെ ലക്ഷ്യം. കേരളത്തില്‍ കാമ്പെയിന്റെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്. നയി ചേതന കാമ്പെയിന്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ പിന്‍വലിച്ചെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കുടുംബശ്രീ പ്രതിജ്ഞ പിന്‍വലിച്ചിട്ടില്ല- ജാഫര്‍ മാലിക്ക് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
കുടുംബശ്രീ പ്രതിജ്ഞയെക്കെതിരേ മുസ്ലിം സംഘടനകള്‍ അടക്കം രംഗത്തെത്തിയ പശ്ചാത്തലത്തില്‍ പ്രതിജ്ഞ പിന്‍വലിച്ചെന്നായിരുന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പുരുഷനും സ്ത്രീക്കും സ്വത്തില്‍ തുല്യ അവകാശം എന്നുള്ളത് ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നായിരുന്നു മുസ്ലിം സംഘടനകളുടെ വിമര്‍ശനം. പ്രതിജ്ഞ പിന്‍വലിക്കുന്നതായി സര്‍ക്കുലറുകളൊന്നും കുടുംബശ്രീ പുറപ്പെടുവിച്ചിരുന്നില്ല.