CrimeNEWS

കാസര്‍കോട് സ്വദേശി ശ്രീജിത്ത് നാദാപുരത്ത് ക്രൂരമര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രദേശവാസിയായ യുവതിയെ ചോദ്യം ചെയ്തു, കൂടെയുണ്ടായിരുന്ന ‘അജ്ഞാതനെ’ തിരിച്ചറിഞ്ഞു

കാസർകോട് ചെറുവത്തൂർ സ്വദേശിയായ യുവാവ് നാദാപുരത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവതിയെ പോലീസ് ചോദ്യം ചെയ്തു ഒളിവിൽ കഴിയുന്ന ‘അജ്ഞാതനെ’ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കണ്ണൂർ കേളകം സ്വദേശിയായ യുവാവാണ് മരിച്ച ശ്രീജിത്തിനൊപ്പം ഉണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തി. നാദാപുരം കാരയിൽ കനാൽ പരിസരത്തായിരുന്നു ചെറുവത്തൂർ സ്വദേശിയായ ശ്രീജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച്ച രാവിലെയാണ് വനിത പോലീസ് ഉൾപ്പെടെയുള്ള സംഘം അപകടം നടന്ന സ്ഥലത്തിന് സമീപത്തെ വീട്ടിലെത്തി ഭർതൃമതിയായ യുവതിയെ കസ്റ്റഡിയിലെടുത്തത്. ഡിവൈ.എസ്.പി, വി.വി ലതീഷ്, സി.ഐ ഫായിസ് അലി എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു. അപകട സ്ഥലത്ത് നിന്നും മുങ്ങിയ യുവാവിന്‍റെ കോൾ ലിസ്റ്റിൽ നിന്നാണ് പ്രദേശവാസിയായ യുവതിയെ പറ്റി പോലീസിന് വിവരം ലഭിച്ചത്.

യുവാവ് യുവതിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടതിന്‍റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ വീട്ടമ്മയിൽ നിന്ന് നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. കനാൽ റോഡിൽ കാർ അപകടത്തിൽ പെട്ടപ്പോൾ ശ്രീജിത്ത് കാറിൽ നിന്നിറങ്ങിയെന്നും ഇതിനിടെ കാർ പിറകിലേക്ക് എടുത്തപ്പോൾ ശ്രീജിത്തിന്‍റെ ദേഹത്ത് കയറി ഇറങ്ങി പരിക്കേറ്റതായി കേളകം സ്വദേശി ഫോൺ ചെയ്ത് പറഞ്ഞതായി യുവതി പോലീസിനോടു പറഞ്ഞു. സഹായം ആവശ്യപ്പെട്ടാണ് തന്നെ വിളിച്ചതെന്നാണ് യുവതി പറഞ്ഞത്.

അപകട സ്ഥലത്ത് നിന്ന് മുങ്ങിയ യുവാവ് ശനിയാഴ്ച്ച രാത്രി യുവതിയുടെ വീടിന്‍റെ ടെറസിൽ തങ്ങിയതായും ഞായറാഴ്ച്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ഒളിവിൽ പോവുകയായിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാലിക്കാര്യം പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാളെ പരിചയപ്പെട്ടതെന്നും യുവതിയുടെ വാട്സാപ്പ്, ഇൻസ്റ്റഗ്രാം ചാറ്റുകൾ ഡിലീറ്റ് ചെയതതായും ഇവ വീണ്ടെടുക്കാൻ ഫോൺ ഫോറൻസിക് ലാബിൽ പരി ശോധനക്കായി അയക്കുമെന്നും പോലീസ് അറിയിച്ചു.

ഒളിവിൽ പോയ യുവാവിനായി പോലീസ് കണ്ണൂർ ജില്ലയിലെ താമസ സ്ഥലത്തും ബന്ധുവീടുകളിലും, മറ്റും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോഴിക്കോട് മെഡിക്കൽ കോളിലെ പോലീസ് സർജൻ ഡോ. പ്രജിത്ത് അപകടം നടന്ന സ്ഥലത്തും, ശ്രീജിത്ത് സഞ്ചരിച്ചിരുന്ന കാറിലും പരിശോധന നടത്തി. ശ്രീജിത്തിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കനാൽ റോഡിൽ നിന്ന് നീല ജീൻസും, ഹെഡ് ഫോണും, തോളിൽ ബാഗുമായി ഒരു യുവാവ് ഓടി പോവുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതേ സമയത്ത് തന്നെ സ്കൂട്ടറിൽ പോവുകയായിരുന്ന പ്രദേശവാസിയും ശ്രീജിത്ത് പരിക്കേറ്റ് കിടന്ന സ്ഥലത്ത് നിന്ന് ഒരാൾ ഓടി പോവുന്നത് കണ്ടതായി പോലീസിന് മൊഴി നൽകിയിരുന്നു.

ശ്രീജിത്തിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ദേഹമാസകലം ക്രൂരമായ മർദനമേറ്റതായി ചൂണ്ടിക്കാട്ടുന്നു. ഇടത് കൈ ഒടിഞ്ഞ് തൂങ്ങിയതും വലത് കാലിൽ തുടക്ക് മുകളിലെ ആഴത്തിലെ മുറിവും, തലക്ക് പിറകിലെ ആഴമേറിയ മുറിവും ക്രൂരമായ മർദ്ദനമാണ് സൂചിപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞിരുന്നു. കാര്‍ വൈദ്യുത തൂണില്‍ ഇടിച്ച നിലയിലായിരുന്നു കിടന്നത്. എന്നാല്‍ കാറിനോ തൂണിനെ കേടുപാടുകളൊന്നും സംഭവിക്കാതിരുന്നത് ദുരൂഹത ഉയർത്തിയിരുന്നു.

Back to top button
error: