ലക്‌നൗ: സമ്പന്നയാണെന്ന് തോന്നിക്കുമാറ് വേഷം ധരിച്ച് ജ്വല്ലറിയിലെത്തിയ സ്ത്രീ ഏഴ് ലക്ഷത്തിന്റെ നെക്ലേസ് മോഷ്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ വൈറലാകുന്നു. ഈ മാസം പതിനേഴിന് യു.പി. ഗോരഖ്പൂരില്‍ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ബല്‍ദേവ് പ്ലാസയിലെ ‘ബെച്ചു ലാല്‍ സരഫ പ്രൈവറ്റ് ലിമിറ്റഡ്’ ജ്വല്ലറിയില്‍ സണ്‍ഗ്ലാസും മുഖത്ത് മാസ്‌കും അണിഞ്ഞെത്തിയ സ്ത്രീ നെക്ലേസുകളുടെ നിരവധി മോഡലുകള്‍ പരിശോധിക്കുന്നത് വീഡിയോയില്‍ കാണാം.
ഒടുവില്‍ അവര്‍ ആഭരണങ്ങള്‍ അടുത്ത് കാണുന്നതിനായി രണ്ട് മാലകള്‍ പെട്ടിയോടെ മടിയില്‍ വച്ചതിന് ശേഷം ഒരെണ്ണം മാത്രം തിരികെ നല്‍കി.
സാരിയുടെ ഞൊറികള്‍ക്കിടയിലാണ് സ്ത്രീ മാല ഒളിപ്പിച്ചത്.
ഞൊടിയിടയില്‍ മാല മോഷ്ടിക്കുന്നത് സ്ത്രീയുടെ അടുത്തിരിക്കുന്നവര്‍ പോലും അറിഞ്ഞിരുന്നില്ല. എന്നാല്‍, മുകളിലിരുന്ന സിസി ടിവി ക്യാമറ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ഏഴ് ലക്ഷം വില വരുന്ന നെക്ലേസാണ് ജുവലറിയില്‍ നിന്നും മോഷണം പോയത്. മോഷണ ദൃശ്യങ്ങളടക്കം ജ്വല്ലറി ഉടമ പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്ത്രീയെ ഇനിയും പിടികൂടാനായിട്ടില്ല.