KeralaNEWS

രാജ്യം ഭരിക്കുന്നത് ഭരണഘടന അംഗീകരിക്കാത്തവര്‍: ഭരണഘടന സംരക്ഷിക്കുവാന്‍ ഒന്നിക്കണമെന്ന് എ.കെ.ആന്റണി

 

തിരുവനന്തപുരം: ഭരണഘടന അംഗീകരിക്കാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി. ഭരണഘടന പൊളിച്ചെഴുതാനും മൗലികാവകാശങ്ങള്‍ മാറ്റാനും അവര്‍ ശ്രമിക്കുന്നു. ഭരണഘടനാ ദിനമാചരിക്കുന്ന ഇന്ന്,നമ്മുക്ക് ചെയ്യാനുള്ളത് ഭരണഘടനയുടെ ആത്മാവ് നഷ്ടപ്പെടുത്തുവാന്‍ ആരെയും അനുവദിക്കില്ലെന്നതാണെന്നും ഭരണഘടനാദിനമാചരിക്കാന്‍ ഏറ്റവും കടമയും യോഗ്യതയും അവകാശമുള്ളത് കോണ്‍ഗ്രസിനാണെന്നും എ.കെ.ആന്റണി പറഞ്ഞു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഇന്ദിരാഭവനില്‍ നടന്ന ‘ഇന്ത്യന്‍ ഭരണഘടന- പ്രസക്തിയും വെല്ലുവിളിയും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും നെഹ്‌റുവും അംബേദ്ക്കറുമാണ് ഭരണഘടനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇക്കാര്യം അംഗീകരിക്കാന്‍ ഭരണഘടനാ ദിനം ആചരിക്കുന്ന പലരും തയ്യാറാകുന്നില്ല. 2024ലെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കോണ്‍ഗ്രസ് യഥാര്‍ത്ഥ്യബോധത്തോടെയാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് വിചാരിച്ചാല്‍ 2024ല്‍ ഭരണമാറ്റം ഉണ്ടാക്കാന്‍ സാധിക്കില്ല. പക്ഷേ കോണ്‍ഗ്രസില്ലാതെ ഭരണമാറ്റം സാധ്യവുമല്ല. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അക്കാര്യത്തില്‍ സഹകരിക്കാന്‍ തയ്യാറായിട്ടുള്ളവര്‍ യോജിക്കണം. ചിലര്‍ പറയുന്നു കോണ്‍ഗ്രസുണ്ടെങ്കില്‍ തങ്ങളില്ലെന്ന്. അതിന്റെ പ്രയോജനം ലഭിക്കുന്നത് ഭരണഘടന മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കാണെന്നും എ.കെ.ആന്റണി പറഞ്ഞു. ഭരണഘടന സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം ഒരുമ്മിച്ച് നിന്ന് 2024ല്‍ മറ്റൊരു ഭരണഘടന ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ചെറുക്കണമെന്നും എ.കെ.ആന്റണി കൂട്ടിചേര്‍ത്തു.

Back to top button
error: