IndiaNEWS

‘ഭാരത് ജോഡോ’ യാത്രയെ സ്വാഗതം ചെയ്ത് സിന്ധ്യ; സൂചനയില്‍ കണ്ണുംനട്ട് നിരീക്ഷകര്‍

ഭോപാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ മധ്യപ്രദേശിലേക്കു സ്വാഗതം ചെയ്ത കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവന ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കുന്നു. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയില്‍നിന്ന് മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ബോഡര്‍ലി ഗ്രാമത്തില്‍ യാത്ര പ്രവേശിച്ചിരുന്നു. ”മധ്യപ്രദേശിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു” എന്നാണ് നവംബര്‍ 23ന് അദ്ദേഹം പറഞ്ഞത്. ഈ വാചകം ‘ഘര്‍ വാപസി’യുടെ സൂചനയാണെന്നു ഹിമാചല്‍ പ്രദേശ് പി.സി.സി അധ്യക്ഷന്‍ കുല്‍ദീപ് സിങ് റാത്തോഡ് പറയുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന സിന്ധ്യ, 2020 മാര്‍ച്ചിലാണ് ബി.ജെ.പിയിലേക്കു കളംമാറ്റിയത്.

അതേസമയം, യാത്രയെ എതിര്‍ക്കാന്‍ ബി.ജെ.പി നേതാക്കള്‍ സ്വന്തം പരിപാടികള്‍ ഉണ്ടാക്കുന്നുവെന്നത് ‘ഭാരത് ജോഡോ’ യാത്രയുടെ ഗുണമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് പറഞ്ഞു. യാത്ര ആരംഭിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തി. ഒരു ശിലാസ്ഥാപനം നടത്തി ഫോട്ടോ എടുത്തു തിരികെപ്പോന്നു. ഭാരത് ജോഡോ യാത്ര തിരഞ്ഞെടുപ്പ് യാത്രയല്ല. തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള രാഷ്ട്രീയക്കളിയും അല്ലെന്ന് ജയറാം രമേശ് വ്യക്തമാക്കി.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനു മുന്‍പും യാത്രയുടെ ഗുണഫലം ഉണ്ടായേക്കാം. സംഘടന ഐക്യത്തോടെ നിന്നാല്‍ അതിന്റെ ഫലം ഉറപ്പായും ഉണ്ടാകും. എന്നുകരുതി അതു തെരഞ്ഞെടുപ്പ് ജയിക്കാനുള്ളതാണെന്നു കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിന്ധ്യയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഖണ്ഡ്വയിലെ കവയത്രി സുഭദ്രകുമാരി ചൗഹാന്റെ കവിതയെക്കുറിച്ചാണ് ജയറാം രമേശ് പറഞ്ഞത്. അതില്‍ സിന്ധ്യയെക്കുറിച്ചു പറയുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. സിന്ധ്യയെ ചതിയനെന്നു വിശേഷിപ്പിക്കുകയായിരുന്നു ജയറാം രമേശ് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

 

Back to top button
error: