KeralaNEWS

സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നതായ വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സർവകലാശാല

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നതായ വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് സർവകലാശാല സിണ്ടിക്കേറ്റ് പരീക്ഷാ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി. ബിടെക് ബാച്ചിന്റെ 2019 മുതലുള്ള പരീക്ഷാ ഫലങ്ങൾ കോഴ്സ് കാലയളവായ നാല് വർഷത്തിനുള്ളിൽ തന്നെ പ്രഖ്യാപിച്ചുവരികയാണ്. 2022 ൽ വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും പോർട്ടലിൽ നിന്നും പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നേരിട്ട് ഡൌൺലോഡ് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നുവെന്നും സർവകലാശാല അധികൃതർ പുറത്ത് വിട്ട വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

2022 ഓഗസ്റ്റ് മാസം പ്രസിദ്ധീകരിച്ച ബിടെക് പരീക്ഷയിൽ 13025 വിദ്യാർത്ഥികൾ വിജയിച്ചു. ഫലം പ്രഖ്യാപിച്ച ദിവസംതന്നെ, ഈ വിദ്യാർത്ഥികൾക്ക് എല്ലാം പോർട്ടലിൽ നിന്നും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കി. വിജയികളിൽ 90 ശതമാനത്തോളം വിദ്യാർത്ഥികളും അവരുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ ഓഗസ്റ്റ് ആദ്യ വാരം തന്നെ പോർട്ടലിൽ നിന്നും നേരിട്ട് ഡൌൺലോഡ് ചെയ്തിരുന്നു. ഈ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾക്ക് ആറു മാസത്തെ സാധുതയുണ്ട്. ഡിഗ്രി സർട്ടിഫിക്കറ്റുകൾ അപേക്ഷ തിയ്യതി മുതൽ 45 ദിവസത്തിനകം നൽകണമെന്നാണ് സർവകലാശാല തീരുമാനിച്ചിട്ടുള്ളത്. ഡോ എംഎസ് രാജശ്രീ വൈസ് ചാൻസലർ ആയിരുന്ന കാലയളവിൽ തന്നെ അപേക്ഷിച്ച 4158 വിദ്യാർത്ഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരുന്നുവെന്നും സർവകലാശാല പറയുന്നു.

ക്യാമ്പസ് പ്ലേസ്മെന്റ് നേടിയവരും വിദേശ സർവകലാശാലകളിൽ പ്രവേശനം ലഭിച്ചവരുമായ വിദ്യാർത്ഥികൾക്കെല്ലാം ഈ കാലയളവിൽ 45 ദിവസത്തിനകം തന്നെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിനു ശേഷം ലഭിച്ച വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റിനായുള്ള സൂക്ഷ്മ പരിശോധന വിവിധ ഘട്ടങ്ങളിലായി നടന്നുവരികയാണ്. തുടർന്നു വന്ന വിവിധ സെമെസ്റ്ററുകളിലെ സപ്പ്ളിമെന്ററി പരീക്ഷകളിലൂടെ അർഹത നേടിയ വിദ്യാർത്ഥികൾക്ക് ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുവാനാകു.

ഈ വർഷം പുതിയ റെഗുലേഷൻ പ്രകാരം പരീക്ഷ നടത്തിയ അവസാന വർഷ എംസിഎ കോഴ്സിന്റെ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ അക്കാഡമിക് കൌൺസിൽ അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ പോർട്ടലിൽ ലഭ്യമാക്കും. വിവിധ സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയം നാൽപ്പതോളം കേന്ദ്രീകൃത മൂല്യ നിർണയ ക്യാമ്പുകളിലായി പൂർത്തിയായി വരുന്നു. സിണ്ടിക്കേറ്റിന്റെ പരീക്ഷാ ഉപസമിതി മൂല്യനിർണയ സംവിധാനങ്ങളും പുരോഗതിയും നേരിട്ട് വിലയിരുത്തുകയും പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 80 ശതമാനത്തോളം മൂല്യ നിർണയവും പൂർത്തീകരിച്ചു. നവംബർ അവസാന വാരത്തിനകം തന്നെ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മൂല്യനിർണ്ണയം പൂർത്തിയായ എല്ലാ പരീക്ഷകളുടെയും ഫലങ്ങൾ സമയബന്ധിതമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോളേജുകളിലെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തുന്ന അക്കാഡമിക് ഓഡിറ്റ് എല്ലാ കോളേജുകളിലും കഴിഞ്ഞ വാരം മുതൽ നടന്നുവരികയാണ് സർവകലാശാല നിയോഗിക്കുന്ന രണ്ടു വീതം അദ്ധ്യാപക ഓഡിറ്റർമാർ ഓരോ കോളേജിലും നേരിട്ടെത്തി പാഠ്യ സംവിധാനങ്ങൾ സമഗ്രമായി വിലയിരുത്തുന്ന സംവിധാനമാണിത്. ഈ അക്കാഡമിക് ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അക്കാദമിക പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുകയോ പിന്നോക്കം നിൽക്കുകയോ ചെയ്യുന്ന കോളേജുകളുടെ കാര്യത്തിൽ പരിഹാര നടപടികൾ സർവകലാശാല കൈക്കൊള്ളും. ഇതിനൊപ്പം, മേഖല അടിസ്ഥാനത്തിലുള്ള സ്പോർട്സ് ആൻഡ് ഗെയിംസ് കേരളത്തിലുടനീളം വിവിധ കോളേജുകളിൽ നടന്നുവരികയാണെന്നും സർവകലാശാല വ്യക്തമാക്കി.

Back to top button
error: